സംയുക്ത വർമ – ബിജുമേനോൻ ദമ്പതികളോട് പ്രത്യേക ആരാധനയും സ്നേഹവുമാണ് മലയാളികൾക്ക്. മികച്ച ജോഡികളായി സിനിമയിൽ തിളങ്ങിയ ഇവർ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് സംയുക്തയും ബിജു മേനോനും വിവാഹിതരാകുന്നത്. ഇപ്പോൾ ബിജുമേനോൻ – സംയുക്ത വർമ താരജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറയുകയാണ് സംവിധായകൻ കമൽ. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളുടെ സമയത്തായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ആ പ്രണയം ലൊക്കേഷനിലുള്ളവർ അടക്കം തിരിച്ചറിഞ്ഞത് മധുരനൊമ്പരക്കാറ്റ് സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണെന്നാണ് കമൽ പറയുന്നത്.
മധുരനൊമ്പരക്കാറ്റ് സിനിമയുടെ അവസാന രംഗത്തിൽ ശക്തമായ കാറ്റിലൂടെ സംയുക്ത വർമ നടക്കുന്ന ഭാഗമുണ്ട്. അന്ന് ബിജുമേനോന് ഷോട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിലും അദ്ദേഹം ഷൂട്ടിങ് കാണാൻ സെറ്റിൽ എത്തി. ആ രംഗം ചിത്രീകരിക്കുന്നതിനിടെ ശക്തമായ കാറ്റിൽ കരിയിലകൾക്കൊപ്പം പൊടിയും വന്ന് അടിച്ച് സംയുക്തയ്ക്ക് വല്ലാതെ അസ്വസ്ഥതയുണ്ടാവുകയും ശ്വാസം കിട്ടാത്ത അവസ്ഥ വരികയുമുണ്ടായി. അപ്പോൾ ബിജുമേനോൻ പെട്ടെന്ന് വന്ന് സംയുക്തിയെ ആശ്വസിപ്പിക്കുകയും റസ്റ്റ് എടുത്തോളൂ എന്ന് പറയുകയും സംയുക്ത റൂമിലേക്ക് പോവുകയും ചെയ്തു. സംയുക്തയുടെ ഹെൽത്ത് ഓക്കെയല്ലേ എന്നറിയാൻ അവരുടെ റൂമിലേക്ക് താൻ ചെന്നപ്പോൾ സംയുക്തയ്ക്കും അമ്മയ്ക്കും ഒപ്പം അവിടെ ബിജുമേനോൻ കൂടി ഇരിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ അദ്ദേഹം പറഞ്ഞു ‘സംയുക്തയ്ക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ എന്നറിയാൻ വന്നതാണെന്ന്’. അപ്പോൾ തനിക്ക് കാര്യം മനസിലായെന്നും കമൽ പറയുന്നു.