ചർമ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ആവണക്കെണ്ണ. മുടിവളർച്ചയ്ക്ക് എങ്ങനെ ആവണക്കെണ്ണ ഗുണം ചെയ്യുമെന്നും ഏതൊക്കെ രീതിയിൽ ഉപയോഗിക്കണമെന്നും നോക്കാം. ആവണക്കെണ്ണ ഉപയോഗിക്കുന്നതിലൂടെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ആവണക്കെണ്ണയിലെ ഒമേഗ – 6 ഫാറ്റി ആസിഡുകൾ മുടിപൊട്ടുന്നതും തടയുന്നു. തലയോട്ടിയിലേക്കുള്ള രക്തയോട്ടം ആവണക്കെണ്ണ വർദ്ധിപ്പിക്കുന്നതുവഴി ആരോഗ്യമുള്ള മുടിവളരാൻ ഇടയാക്കും.
ഒലീവ് ഓയിലിനൊപ്പം ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും അൽപം നാരങ്ങയുടെ നീരും യോജിപ്പിച്ച് തലയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. ഇതും മുടി വളർച്ച വേഗത്തിലാക്കും. അല്പം ആവണക്കെണ്ണ ചൂടാക്കി, ഇളം ചൂടോടെ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. പുരികങ്ങൾ കൊഴിഞ്ഞുപോകുന്ന പ്രശ്നമുണ്ടെങ്കിൽ ഒരു തുണിയിലോ പഞ്ഞിയിലോ ബഡ്‌സിലോ അല്പം ആവണക്കെണ്ണ ആക്കി പുരികത്തിൽ പുരട്ടുക. ഈ രീതിയിലൊക്കെ ആവണക്കെണ്ണ ഉപയോഗിക്കാം എങ്കിലും, അതേസമയം ജാഗ്രതയും വേണം. കാരണം ചിലരിലെങ്കിലും ആവണക്കെണ്ണയുടെ ഉപയോഗം അലർജിക്ക് കാരണമാക്കും. ഏത് വസ്തു ഉപയോഗിക്കുന്നതിന് മുമ്പും പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയശേഷം ഉപയോഗിക്കുക.