ഔഷധ ഗുണത്തിന്റെ കാര്യത്തിൽ കസ്തൂരി മഞ്ഞൾ അടിപൊളിയാണ്. പക്ഷേ, യഥാർഥ കസ്തൂരി മഞ്ഞളോ അതിന്റെ ഉൽപന്നങ്ങളോ ഒന്നും ഇന്ന് വിപണിയിൽ ഇല്ലെന്നുതന്നെ പറയാം. കസ്തൂരി മഞ്ഞളിന്റേത് എന്ന പേരിൽ മാർക്കറ്റുകളിൽ വരുന്ന പല സാധനങ്ങളും മായം കലർന്നതാണ്. വീട്ടിൽ കൃഷി ചെയ്ത് പറിച്ചെടുത്ത് കസ്തൂരി മഞ്ഞൾ സ്വയം അരച്ചോ പൊടിച്ചോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ശരീരശുദ്ധി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മരോഗങ്ങളെ തടഞ്ഞു നിർത്താനും കസ്തൂരി മഞ്ഞളിന് കഴിയും. ചർമ സൗന്ദര്യത്തിനുള്ള കസ്തൂരി മഞ്ഞളിന്റെ ഉപയോഗം പെട്ടെന്ന് ഫലം തരും. കസ്തൂരി മഞ്ഞള്‍ പൊടിയോ കസ്തൂരി മഞ്ഞള്‍ അരച്ചതോ നേരിട്ട് തന്നെ ശരീരത്തിൽ പുരട്ടാം. ചർമരോഗങ്ങൾ മാറാനും ശരീരത്തിന് തിളക്കം ലഭിക്കാനും മുഖക്കുരു വന്നുപോയ കലകൾ മായ്ക്കാനും അനാവശ്യ രോമങ്ങളെ കൊഴിയിച്ചു കളയാനും ഇത് ഗുണം ചെയ്യും. വരണ്ട ചർമത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവരാണെങ്കിൽ അൽപം തൈരിൽ കസ്തൂരി മഞ്ഞൾ ചേർത്ത് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാം. നവജാതശിശുക്കളെ കസ്തൂരിമഞ്ഞള്‍ തേച്ചു കിളിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് രോഗാണുക്കളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനും ചര്‍മത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കുന്നു. അതുകൂടാതെ തേനീച്ച, കടന്നൽ തുടങ്ങിയ വിഷജന്തുക്കള്‍ കടിച്ചാല്‍ ആ ഭാഗത്ത് കസ്തൂരിമഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്.