ലബ്ബർ പന്ത് എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി സ്വാസികയിപ്പോൾ. തമിഴകത്ത് അടുത്ത കാലത്ത് വന്ന ഏറ്റവും ശ്രദ്ധേയ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് സ്വാസികയ്ക്ക് ലബ്ബർ പന്തിലൂടെ ലഭിച്ചത്. അമ്മ വേഷം കൈയടക്കത്തോടെ നടി ചെയ്തു. സ്വാസികയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ലബ്ബർ പന്തിലെ യശോദ. കരിയറിൽ മുന്നേറുമ്പോഴും സ്വാസിക പലപ്പോഴും വിവാദത്തിലാകുന്നത് അഭിമുഖങ്ങളിലെ പരാമർശം കൊണ്ടാണ്.
നടിയുടെ പുതിയ അഭിമുഖവും വൈറലായതോടെ എഴുത്തുകാരി എസ്. ശാരദക്കുട്ടി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഭർത്താവിന്റെ കീഴിൽ ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീയാണ് താനെന്നും കാൽ തൊട്ട് വണങ്ങാറുണ്ടെന്നും സ്വാസിക നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മനസമാധാനം ഞാൻ കാണുന്നത് ഇങ്ങനെ ജീവിക്കുമ്പോഴാണ്. അച്ഛനും ഭർത്താവും പറയുന്നത് കേട്ട് തീരുമാനമെടുക്കാനും അവർ വേണ്ടെന്ന് പറഞ്ഞാൽ സമ്മതിക്കാനും ഒരു കാര്യം അവരോട് ചോദിച്ച് ചെയ്യാനും എനിക്കിഷ്ടമാണ്. അത് വലിയൊരു പ്രശ്നമായി എന്റെ ജീവിതത്തിൽ ഇതുവരെ വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ല. മൂന്നാമതൊരാൾ ഇതിൽ സ്വാധീനിക്കപ്പെടരുത്.
ഇതാണ് ശരിയെന്ന് ഞാൻ പറയില്ല. പക്ഷെ എന്തൊക്കെ മാറ്റം സമൂഹത്തിൽ വന്നാലും ഞാൻ ഇങ്ങനെ തന്നെ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രായം കഴിയുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും ചിന്താഗതി മാറുമെന്ന് പറയും. പക്ഷെ എനിക്ക് മാറ്റേണ്ട. ഓവറായ ചർച്ചകളിലേക്കൊന്നും എനിക്ക് പോകേണ്ട. തനിക്കാ പഴയ രീതിയിൽ ഇരുന്നാൽ മതിയെന്ന് സ്വാസിക പിന്നീട് വിശദീകരിക്കുകയും ചെയ്തു.
ശാരദക്കുട്ടിയുടെ ആ കുറിപ്പ് ഇങ്ങനെയായിരുന്നു… എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേയെന്ന് പറയുന്നതുപോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ.
വളരെ ബോൾഡായ കഥാപാത്രങ്ങളെ യാതൊരു ഇൻഹിബിഷനും കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. ചതുരം, വിവേകാനന്ദൻ വൈറലാണ് ഒക്കെ ഉദാഹരണം. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷയുള്ള നടി. വിവാദരംഗങ്ങളിൽ കൂൾ കൂളായി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.
പിന്നെ ഇന്നലെ കണ്ട പോസ്റ്റർ. ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിൻ്റെ യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മമയത്തിൻ്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്പ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്. നൂറിലധികം ബ്രാന്റഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം.
ഗാന്ധി മാർഗമാണ് തൻ്റെ മാർഗമെന്ന് പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്ന് പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വര വിശ്വാസത്തിൻ്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം. ഒക്കെ ബുദ്ധിജീവികളുടെയും രാഷ്ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.
വെട്ടി വിളിച്ച് സത്യങ്ങൾ മുഴുവൻ പറഞ്ഞ് നടന്ന് ലോകരുടെ മുഴുവൻ വെറുപ്പ് വാങ്ങിക്കൂട്ടുന്ന വിഡ്ഢികൾക്ക് ഇതൊക്കെ കേട്ടാൽ കലിയിളകും. ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ എന്ന് പ്രാർഥിച്ച ധനിക സ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ട് പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതുമായ കഥ കേട്ടിട്ടുണ്ട് എന്നാണ് ശാരദക്കുട്ടി കുറിച്ചത്. ഈ പോസ്റ്റിനും സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും വരുന്നത്.
content highlight: writer-s-saradakuttys-social-media-post-about-actress-swasikas