മലയാളികൾക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ഒരു മറവത്തൂർ കനവിന് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ. ദിലീപുമായി താൻ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിലെന്ന് ലാൽ ജോസ് പറയുന്നു. തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിരുന്നെങ്കിലും സിനിമാ സങ്കല്പത്തിന്റെ കാര്യത്തിൽ പരസ്പരം വലിയ അന്തരം ഉണ്ടായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെയാണ് ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിലും ദിലീപ് നായകവേഷമിടുന്നത്.
തന്റെ ചിത്രത്തേക്കാൾ കൂടുതൽ ദിലീപിന് ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിൽ ആയിരുന്നു വിശ്വാസം. ചന്ദ്രനുദിക്കുന്ന ദിക്കിൽ തിയേറ്ററുകളിൽ എത്തിയപ്പോൾ തന്റെ ഗുരുവായ കമൽ സംവിധാനം ചെയ്ത ‘നിറം’ ചിത്രവുമായാണ് അതിന് മത്സരിക്കേണ്ടിവന്നത്. നിറം അന്ന് സൂപ്പർ ഹിറ്റ് ആയിരുന്നു. ഒരുപക്ഷേ നിറം സിനിമ ഇല്ലായിരുന്നെങ്കിൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ അന്ന് ഹിറ്റായേനെ. നിറത്തിനൊപ്പം ഇറങ്ങിയത് കൊണ്ട് തന്റെ സിനിമയ്ക്ക് വേണ്ട രീതിയിൽ ശ്രദ്ധ ലഭിക്കാതെ പോയി എന്നും ലാൽ ജോസ് പറയുന്നു.