തന്റെ സൂപ്പർസ്റ്റാർ മധുവാണെന്നത് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്റെ സൂപ്പർസ്റ്റാർ എന്നാണ് മലയാളത്തിന്റെ മഹാനടൻ മധുവിനെ മമ്മൂട്ടി വിശേഷിപ്പിക്കാറുള്ളത്. സത്യനും നസീറും തിളങ്ങി നിന്ന കാലത്ത് അവരെ പോലല്ലാത്ത ഒരാൾ എന്ന നിലയ്ക്കാണ് താൻ മധുവിനെ ഇഷ്ടപ്പെട്ടത് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്. 1982ൽ പുറത്തിറങ്ങിയ പടയോട്ടം എന്ന സിനിമയിലാണ് മമ്മൂട്ടിയും മധുവും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മധു.
വൺ അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി വളരെ സീരിയസായ ഒരു ആര്‍ട്ടിസ്റ്റാണ്. ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ആളാണ്. വലിയ ബഹളങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മനസിലാക്കി ചെയ്യുന്ന നടനാണ്. മമ്മൂട്ടി അഭിനയം ആസ്വദിച്ചാണ് ചെയ്യുന്നത്.
അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ നമുക്ക് കിട്ടിയതില്‍ അദ്ദേഹത്തേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണ്. ഇതുവരെ മമ്മൂട്ടി അഭിനയിച്ചത് കൊണ്ട് മോശമായെന്ന് പറഞ്ഞ ഒരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ എന്നാണ് മധു മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്തി പറഞ്ഞത്.
അവസാനമായി കണ്ട സിനിമയെ കുറിച്ചും മധു അഭിമുഖത്തിൽ പറയുന്നുണ്ട്. അവസാനമായി കണ്ടത് ടൊവിനോയുടെ സിനിമ അജയന്റെ രണ്ടാം മോഷണമാണെന്നും എന്നാൽ സിനിമ വലുതായി ഇഷ്ടപ്പെട്ടില്ലെന്നുമാണ് മധു മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.
ജനറേഷൻ ഗ്യാപ്പാകാം സിനിമ ഇഷ്ടപ്പെടാതെ പോയതിന്റെ കാരണമെന്നും നടൻ പറഞ്ഞു. ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ… എആര്‍എം. അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ.
ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും. അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്… എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ… ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.
അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍… അതിന് സാധിക്കില്ല. എആര്‍എം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു എന്നാണ് മധു പറഞ്ഞത്. ടൊവിനോയുടെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് എആർഎം പ്രേക്ഷകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. കുറച്ച് ദിവസം മുമ്പാണ് സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.
contenthighlight: madhu about mammootty