Celebrities

‘എന്നാലും ആ കോൾ ഒഴിവാക്കേണ്ടതായിരുന്നു; അസഭ്യമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം’: ജോജു ജോർജ് | joju george about contoversy

ജോജു നായകനായി എത്തിയ പണിയില്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് വിപി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമയാണ് പണി. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ച പ്രതികരണം കിട്ടി മുന്നേറുകയാണ്. ജോജു നായകനായി എത്തിയ പണിയില്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് വിപി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അഭിനയ ആയിരുന്നു ചിത്രത്തിലെ നായിക.

ഇപ്പോഴിതാ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്. ചിത്രത്തെ വിമര്‍ശിച്ച് റിവ്യു പങ്കിട്ട വിദ്യാര്‍ത്ഥിയെ ജോജു ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു വിവാദം. എന്നാല്‍ അത് താന്‍ ഒഴിവേക്കണ്ടതായിരുന്നു എന്നാണ് ജോജു പറയുന്നത്.

”അത് ഒഴിവാക്കേണ്ടതായിരുന്നു. പക്ഷെ അത് വ്യഖാനപ്പെട്ടത് റിവ്യു പറഞ്ഞയാളെ ഭീഷണിപ്പെടുത്തിയെ നിലയ്ക്കാണ്. ആ കോള്‍ ഇടയ്ക്ക് വച്ചല്ലേ കേട്ടിട്ടുള്ളൂ. ഞാന്‍ അതില്‍ അസഭ്യമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് വിശ്വാസം. എന്നാലും അത് ഒഴിവാക്കേണ്ടതായിരുന്നു. അത് എന്നെ ഭയങ്കരമായി തന്നെ ബാധിച്ചു. കുടുംബത്തേയും ബാധിച്ചു” എന്നാണ് ജോജു പറയുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുവെന്നാണ് പറഞ്ഞത്. പക്ഷെ ഒരിക്കലും അങ്ങനല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നെ അത് ബാധിക്കാന്‍ പാടില്ലെന്നാണ് എന്റെ കാഴ്ചപ്പാട്. ഞാന്‍ ചിന്തിക്കുന്നത് ഞാന്‍ ഉദ്ദേശിച്ചത് പോലെ സിനിമ വര്‍ക്കൗട്ട് ആയിട്ടുണ്ടോ എന്ന് മാത്രമാണ്. ഞാന്‍ ഉദ്ദേശിക്കാത്തൊരു കാര്യം അവര്‍ പറയുമ്പോള്‍ ഞാനത് ചിന്തിച്ചിട്ടില്ലെന്നും ജോജു പറയുന്നു.

പത്ത് മണിയ്ക്ക് റിലീസ് ചെയ്യുന്ന സിനിമയ്ക്ക് 9.30 മുതല്‍ ട്വിറ്ററില്‍ ഫേക്ക് അക്കൗണ്ടുകളില്‍ നിന്നും മോശം അഭിപ്രായം വരുന്നതായാണ് മാര്‍ക്കറ്റിംഗ് ടീം പറയുന്നത്. ഡിഗ്രേഡിംഗ് വരുന്നുണ്ട്. ഞാന്‍ ആദ്യം കരുതുന്നത് എന്റെ ജഡ്ജ്‌മെന്റ് തെറ്റിയെന്നും ഞാന്‍ കരുതിയത് പോലെയല്ല സിനിമ വര്‍ക്കായതും എന്നാണ്. ആദ്യം കുറേ നെഗറ്റീവ് റിവ്യുകള്‍ വരുമ്പോള്‍ ചിന്തിക്കുന്നത് പകുതി സത്യം ആയിരിക്കും എന്നാണ്. രണ്ടാം ദിവസവും ആവര്‍ത്തിക്കുമ്പോള്‍ നമ്മുടെ ജഡ്ജ്‌മെന്റ് തെറ്റിയോ എന്നാകും ചിന്ത എന്നും ജോജു പറയുന്നു.

ഒരാള്‍ ബോധപൂര്‍വ്വം എല്ലായിടത്തും പോസ്റ്റ് ചെയ്യുമ്പോള്‍ എന്താണ് പരിപാടി എന്നറിയാന്‍ വേണ്ടിയായിരുന്നു ഞാന്‍ ആ ഫോണ്‍ കോള്‍ ചെയ്തത്. പക്ഷെ ഞാനത് ചെയ്യേണ്ടതായിരുന്നില്ല. ഒഴിവാക്കണമായിരുന്നു. എന്റെ ടീച്ചര്‍മാര്‍ വരെ വിളിച്ചു. അമ്മമാരായി കണ്ട അവര്‍ വരെ എന്നെ വിളിച്ച് വഴക്ക് പറഞ്ഞുവെന്നാണ് ജോജു പറയുന്നത്.

ഞാന്‍ ഭയങ്കരമായി തെറ്റിദ്ധരിക്കപ്പെട്ടു. ഭയങ്കര മോശം വാക്കുകള്‍ എന്നെ വിളിച്ചു. വ്യക്തിഹത്യ ചെയ്തു. കാര്‍ന്നോന്മാരെ കൂട്ടി വിളിക്കുന്നതു പോലെ വേറെ രീതിയിലേക്ക് പോയി കാര്യങ്ങള്‍. സിനിമയാണ് എന്റെ പൊളിറ്റിക്‌സ്. എനിക്കൊരു അജണ്ടയുമില്ല. എനിക്ക് കോണ്‍ഗ്രസിനോട് ഒരു വിരോധവുമില്ലെന്നും താരം പറയുന്നു.

നേരത്തെ താന്‍ വയനാട്ടില്‍ വച്ചൊരു ഓഫ്‌റോഡ് റൈഡ് ഉദ്ഘാടനം ചെയ്തത് വിവാദമായതിനെക്കുറിച്ചും ജോജു സംസാരിക്കുന്നുണ്ട്. ജോജുവിന്റെ അഭ്യാസം എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ആ സംഭവത്തിന് ശേഷം താന്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകാറില്ല. പലതില്‍ നിന്നും ഒഴിവാവുകയാണെന്നാണ് താരം പറയുന്നത്.

content highlight: joju george about contoversy