അല്ലു അർജുൻ ഗോവയിലെ ഒരു വൈൻ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ വിഡിയോ ഒരുകാലത്ത് വലിയ വൈറലായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായെടുത്തതാകും ആ രംഗമെന്നും അബദ്ധവശാൽ ലീക്ക് ആയതാകാം എന്നുമായിരുന്നു അന്നു വന്ന വാർത്തകൾ. സത്യത്തില്‍ അത് അല്ലുവിന്റെ യഥാർഥ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്. സ്വന്തം കൂട്ടുകാരനു വേണ്ടിയാണ് സൂപ്പർതാര പരിവേഷം പോലും നോക്കാതെ അല്ലു അർജുൻ മദ്യം വാങ്ങാൻ ഇറങ്ങിത്തിരിച്ചത്. നന്ദമൂരി ബാലകൃഷ്ണ അവതാരകനായെത്തുന്ന അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ഷോയിലാണ് വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ താരം തുറന്നു പറഞ്ഞത്. 2017 നാ പേരു സൂര്യ എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ നടക്കുമ്പോഴാണ് ഈ സംഭവം.
അല്ലുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് സന്ദീപ് രാമിനേനിക്കു വേണ്ടിയായിരുന്നു ഈ സാഹസം. മദ്യത്തിന്റെ ഒരു പ്രത്യേക ബ്രാൻഡ് ആണ് മേടിക്കാൻ പറഞ്ഞത്, എന്നാൽ ആദ്യം ചെന്നയാൾ അതിന്റെ പേരു മറന്നു. ഉടനെ അല്ലു തന്നെ കൂട്ടുകാരനു വേണ്ടി ഇറങ്ങിത്തിരിച്ചു. അവിടെ താൻ സിനിമാ താരമല്ലെന്നും ഒരു കൂട്ടുകാരൻ മാത്രമാണെന്നും അല്ലു പറയുന്നു. നന്ദമൂരിയുടെ കടുത്ത ആരാധകനാണ് ഈ സന്ദീപിനെന്നും ഇവനെപ്പോലൊരു കൂട്ടുകാരൻ സാറിനുണ്ടായാല് ദിവസവും ഇതുപോലുള്ള വാർത്തകൾ വരാനുള്ള സാഹചര്യമുണ്ടാകുമെന്നും അല്ലു പറയുകയുണ്ടായി. ഇതേ ഷോയിൽ തന്നെ സന്ദീപ് രാമിനേനിയെ പ്രേക്ഷകർക്കായി അല്ലു പരിചയപ്പെടുത്തുന്നുണ്ട്.