തലയിലെ താരൻ മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരൻ. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്.
താരൻ അകറ്റി കരുത്തുറ്റ മുടി വളർച്ചക്കായി വ്യത്യസ്ത ഹെയർ പാക്കുകൾ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനായി വീട്ടിൽ തന്നെ ചേരുവകൾ ലഭ്യമാണ്.
തൈര് നാരങ്ങ
രണ്ട് ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. തലയോട്ടിയിൽ ഇത് പുരട്ടി മസാജ് ചെയ്യുക. മുപ്പത് മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
വേപ്പില മഞ്ഞൾപ്പൊടി
കുറച്ച് വേപ്പില അരച്ച് നീരെടുക്കാം. അതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിച്ചോളൂ. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി പത്ത് മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
ഉലുവ
താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടാം. പതിനഞ്ച് മിനിറ്റു ശേഷം കഴുകാം.
ഉള്ളി നീര്
ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.
ഒലിവ് എണ്ണ
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
വെളിച്ചെണ്ണ
ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
കറ്റാർവാഴ
കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
content highlight: tips-to-prevent-dandruff