Beauty Tips

നാരങ്ങാ മുതൽ ഗ്ലിസറിൻ വരെ; കൈമുട്ടിലെ കറുപ്പ് അകറ്റാൻ ഒത്തിരി വിദ്യകൾ | tips-to-remove-darkness-of-elbow

ഇരുണ്ട് പാടുകൾ അകറ്റാൻ സഹായിക്കുന്ന എൻസൈമുകളും വിറ്റാമിനുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്

വിരലുകളുടെയും നഖത്തിന്റെയും ഭംഗി നോക്കുമ്പോഴും നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നിടമാണ് കൈമുട്ട്. മുട്ട് കറുത്തിരിക്കുന്നത് അഭംഗിയാണു താനും. ദീർഘനേരം കൈമുട്ട് കുത്തിയിരിക്കുമ്പോഴാണ് ആ ഭാഗത്തെ ചർമം കൂടുതൽ കറുപ്പാകുന്നത്. കൈമുട്ടിന്റെ കറുപ്പ് നിറം മാറാൻ വീട്ടിൽ ചെയ്യാവുന്ന സിമ്പിൾ ടിപ്സ് ഇതാ..

വെളിച്ചെണ്ണ

ചർമ്മം വരണ്ട് പോകുന്നതും നിറം മങ്ങാൻ കാരണമായേക്കും. അതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ദിവസവും രണ്ടു തവണ കൈമുട്ടുകളിൽ മസാജ് ചെയ്യാം.

ഒലിവ് എണ്ണ

ഒലിവ് എണ്ണ മുട്ടിൽ പുരട്ടി അൽപ്പ സമയം മസാജ് ചെയ്യാം. അതിലേക്ക് പഞ്ചസാര ചേർത്തും മസാജ് ചെയ്യാവുന്നതാണ്. മൃതചർമ്മം നീക്കം ചെയ്യുന്നതിന് ഇത് ഉപകരിക്കും.

ഗ്ലിസറിൻ

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി ഗ്ലിസറിനും പനിനീരും സമം ചേർത്തിളക്കി യോജിപ്പിക്കാം. ഇത് കൈമുട്ടിൽ പുരട്ടുക. രാവിലെ കഴുകി കളയാം. ചർമ്മത്തിൻ്റെ സ്വാഭാവിക നിറം നിലനിർത്തുന്നതിനു ഇത് ഗുണപ്രദമാണ്.

വെള്ളരിക്ക

വെള്ളരിക്ക വട്ടത്തിൽ മുറിച്ച് ഇരുണ്ട നിറമുള്ള ഭാഗത്ത് 15 മിനിറ്റ് മസാജ് ചെയ്യാം. ഇത് പതിവായി ചെയ്യുന്നത് കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.

തൈര്

കുറച്ച് തൈരിൽ ഒരു ടീസ്പൂൺ വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം. കൈമുട്ടിൽ ഇത് പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. തൈര് ഒരു ബ്ലീച്ചിങ് ഏജൻ്റായി പ്രവർത്തിക്കുന്നു.

പപ്പായ

ഇരുണ്ട് പാടുകൾ അകറ്റാൻ സഹായിക്കുന്ന എൻസൈമുകളും വിറ്റാമിനുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പഴുത്ത പപ്പായയുടെ പൾപ്പ് പ്രത്യേകം എടുത്ത് ഇരണ്ട നിറം ഉള്ള ഭാഗത്ത് പുരട്ടാം. ഇരുപത് മിനിറ്റിനു ശേഷം കഴുകി കളയാം.

മഞ്ഞൾ

ഒരൽപ്പം തൈരിലേക്ക് കുറച്ച് മഞ്ഞൾ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അത് കൈമുട്ടിൽ പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

കറ്റാർവാഴ

കറ്റാർവാഴയുടെ ജെൽ വേർപ്പെടുത്തി അതിലേക്ക് കുറച്ച് തേൻ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് കൈമുട്ടിൽ പുരട്ടുക. പതിവായി ഇങ്ങനെ ചെയ്യുന്നത് കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും.

നാരങ്ങ

നാരങ്ങ നല്ലൊരു ബ്ലീച്ചിങ് ഏജൻ്റായി പ്രവർത്തിക്കും. ഒരു നാരങ്ങ പകുതി മുറിച്ച് കറുപ്പ് നിറം ഉള്ള ഭാഗത്ത് മസാജ് ചെയ്യാം. ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിനു ശേഷം കൈമുട്ടില്‍ നന്നായി ഉരയ്ക്കുന്നതും കറുപ്പ് നിറം മാറാന്‍ നല്ലതാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ചോ അല്ലെങ്കിൽ അരച്ചെടുത്തോ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. ഇത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിച്ചേക്കും.

content highlight: tips-to-remove-darkness-of-elbow