Entertainment

ഞങ്ങൾ ഒന്നിക്കുന്നു, വിധിയെ തടുക്കാൻ ആർക്കും കഴിയില്ല; അനശ്വരക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിജു സണ്ണി

‘വാഴ’, ‘രോമാഞ്ചം’ അടക്കം നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് സിജു സണ്ണി. നിരവധി റീലുകളിലൂടെയും നടൻ മലയാളികൾക്ക് മുന്നിലെത്താറുണ്ട്. താരത്തിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി അനശ്വര രാജനൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം സിജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനു നൽകിയ ക്യാപ്ഷനാണ് വൈറലാകുന്നത്. ‘ഞങ്ങൾ ഒന്നിക്കുന്നു. വിധിയെ തടുക്കാൻ ആർക്കും സാധിക്കില്ല. മുഹൂർത്തം 11am… മുന്നോട്ടുള്ള യാത്രയിൽ കൂടെയുണ്ടാകണം.’ എന്നാണ് സിജു ക്യാപ്ഷനായി നൽകിയിരിക്കുന്നത്. ‘ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ’ എന്നൊക്കെ ചോദിച്ച് നിരവധി പേർ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് അനശ്വരയും കമന്റ് ചെയ്തിട്ടുണ്ട്. ‘ഇത് എഐ ആണ്. വിശ്വസിക്കരുത്’ എന്നായിരുന്നു നടിയുടെ കമന്റ്.

അതേസമയം, അനശ്വരയും സിജുവും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് ഈ പോസ്റ്റ് എന്നാണ് സൂചന. നവാഗതനായ വിപിൻ .എസ് രചനയും സംവിധാനവും നിർവഹിക്കുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിലാണ് സിജു സണ്ണിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.