Celebrities

‘കാരവാനിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരാൻ പേടി; ഡബ്ല്യുസിസി അം​ഗങ്ങൾ സംസാരിക്കുന്നത് സ്വന്തം ആവശ്യങ്ങൾക്ക്’ | swasika

സിനിമാ രം​ഗത്തെ സ്ത്രീ സുരക്ഷയിലും നടിമാർക്ക് ലഭിക്കേണ്ട സൗകര്യങ്ങളിലും നടിക്കുള്ള അഭിപ്രായം ഒന്നിലേറെ തവണ ചർച്ചയായിട്ടുണ്ട്

ലബ്ബർ പന്ത് എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി സ്വാസികയിപ്പോൾ. തമിഴകത്ത് അടുത്ത കാലത്ത് വന്ന ഏറ്റവും ശ്രദ്ധേയ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് സ്വാസികയ്ക്ക് ലബ്ബർ പന്തിലൂടെ ലഭിച്ചത്. അമ്മ വേഷം കൈയടക്കത്തോടെ നടി ചെയ്തു. സ്വാസികയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ലബ്ബർ പന്തിലെ യശോദ. കരിയറിൽ മുന്നേറുമ്പോഴും സ്വാസിക പലപ്പോഴും വിവാദത്തിലാകുന്നത് അഭിമുഖങ്ങളിലെ പരാമർശം കൊണ്ടാണ്.

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് സ്വാസിക. സിനിമാ രം​ഗത്തെ സ്ത്രീ സുരക്ഷയിലും നടിമാർക്ക് ലഭിക്കേണ്ട സൗകര്യങ്ങളിലും നടിക്കുള്ള അഭിപ്രായം ഒന്നിലേറെ തവണ ചർച്ചയായിട്ടുണ്ട്. ഡബ്ല്യുസിസിയെ വിമർശിക്കാനും സ്വാസിക മടിച്ചിട്ടില്ല. ചെറിയ വേഷങ്ങൾ ചെയ്ത് വന്ന് പിന്നീട് നായിക നടിയായ സ്വാസികയ്ക്ക് ഡബ്ല്യുസിസി ഉന്നയിക്കുന്ന ആവശ്യങ്ങളോട് യോജിക്കാനാകുന്നില്ല. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി അം​ഗങ്ങൾ സംസാരിക്കുന്നതെന്നാണ് സ്വാസികയുടെ വാദം.

ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സ്വാസിക. ക്യൂ സ്റ്റുഡിയോയോടാണ് പ്രതികരണം. ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഈ അടിസ്ഥാന സൗകര്യങ്ങൾ ജൂനിയർ ആർട്ടിസ്റ്റിന് അവർക്ക് ചെയ്ത് കൊടുക്കാം. പ്രൊഡ്യൂസർ തന്നെ ചെയ്യണം എന്ന നിർബന്ധം ഇല്ല. ഞാൻ നായികയാണെങ്കിൽ ഡബിൾ ഡോർ കാരവാനായിരിക്കും എനിക്ക് കിട്ടുക. എനിക്ക് വേണമെങ്കിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഡ്രസ് മാറാനും ബാത്ത്റൂമിൽ പോകാനും സൗകര്യം ചെയ്ത് കൊടുക്കാം. അത് തെറ്റല്ല. പക്ഷെ ഈ പറയുന്ന ആർട്ടിസ്റ്റുകൾ അത് ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല.

ഞാൻ ക്യാരക്‌ടർ ആർട്ടിസ്റ്റായാണല്ലോ മിക്ക ലൊക്കേഷനിലും പോയത്. അവിടെ എവിടെയും നായിക നടിമാർ വേറൊരു നടിയോട് ഇവിടെ നിന്ന് ഡ്രസ് മാറിക്കോ, ബാത്ത് റൂം ഉപയോ​ഗിച്ചോളൂ എന്ന് പറയുന്നത് ഞാനിത് വരെയും കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇവരുടെ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും സ്വാസിക തുറന്ന് പറഞ്ഞു.

പണമിറക്കുന്ന പ്രൊഡ്യൂസർമാർക്ക് തിരിച്ച് ഇത്ര കിട്ടുമെന്ന് ഒട്ടും പ്രവചിക്കാൻ പറ്റാത്ത മേഖലയാണ്. അവരെക്കൊണ്ട് അത്രയും ചൂഷണം ചെയ്യിക്കേണ്ട ആവശ്യമില്ലെന്നും സ്വാസിക അഭിപ്രായപ്പെട്ടു. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് കൊടുക്കുക. നമ്മുടെ കാരവാനിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വരാൻ പേടി. നായികയുടെ കാരവാനാണ് അവിടെ ആരും പോകരുതെന്ന സംസാരമാണ് പുറത്ത് നടക്കുന്നത്.

കാരവാൻ വിശ്രമിക്കാനാണ്. പണ്ട് കാരവാനില്ലാത്തപ്പോഴും നമ്മൾ ഇതൊക്കെ ചെയ്തിരുന്നതാണെന്നും സ്വാസിക ചൂണ്ടിക്കാട്ടി. നടി ഉർവശിയെ പ്രശംസിച്ചും സ്വാസിക സംസാരിച്ചു. ഉർവശി മാമിന്റെ കൂടെ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമ ചെയ്തിരുന്നു. അവർ ആൾക്കാരെ സ്വീകരിക്കുന്ന രീതിയുണ്ട്. ഉർവശി മാമിന്റെ കാരവാൻ എപ്പോഴും തുറന്നിരിക്കും. അവിടെ ചെന്നിരുന്ന് സംസാരിക്കാം. വാഷ്റൂം യൂസ് ചെയ്യാം. വസ്ത്രം മാറാം.

അവർ ആ സമയത്ത് വന്നത് കൊണ്ടായിരിക്കാം കാരവാൻ എന്നത് അവർക്ക് വലിയ സംഭവമല്ലാത്തത്. ഇപ്പോഴത്തെ ആൾക്കാർക്ക് കാരവാൻ വേണം, ഇന്നോവ കാർ വേണം, ഒരു കാറിൽ ഒറ്റയ്ക്ക് പോകണം. അതൊക്കെ ഭയങ്കര സംഭവമായാണ് ഇപ്പോഴത്തെ ആൾക്കാർ കാണുന്നത്. ഇന്നോവ കാറിൽ ഒറ്റയ്ക്ക് പോകേണ്ട ആവശ്യമില്ലല്ലോ. ഒരു അസിസ്റ്റന്റ് പെൺകുട്ടിയെ വേണമെങ്കിൽ കയറ്റാം. ഇതൊന്നും ആരും ചെയ്യുന്നത് താൻ കണ്ടിട്ടില്ലെന്നും സ്വാസിക വ്യക്തമാക്കി. ‌‌‌

content highlight: swasika-criticize-wcc-and-new-actresses