Celebrities

‘ഡയലോ​ഗ് പഠിച്ച് ഒരു റിഹേഴ്സൽ, ഒരു ടേക്ക്; കാരവാനിൽ പോലും പോയിരിക്കില്ല’; നയൻതാരയെ കുറിച്ച് സിദ്ദിഖ് പറഞ്ഞത് | truth-behind-nayantharas-conditions

കഥ ഇഷ്ടപ്പെട്ട നയൻതാര, ഈ സിനിമ ഞാൻ തന്നെ അഭിനയിക്കും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു

അന്തരിച്ച സംവിധായകൻ സിദ്ദിഖ് ബോഡി​ഗാർഡ് എന്ന ചിത്രത്തിൽ നയൻതാര എത്തിയതിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ പ്രൊഫഷണലായാണ് സെറ്റിൽ നടി ഇടപഴകിയതെന്ന് അന്ന് സിദ്ദിഖ് വ്യക്തമാക്കി. സഫാരി ടിവിയിലാണ് സംവിധായകൻ അനുഭവം പങ്കുവെച്ചത്.

ശ്യാമിലിയെ നായികയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ കാസ്റ്റിം​ഗ് ന‌ടന്നില്ല. ഇതോടെ ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് ബോഡി ​ഗാർഡിലേക്ക് നയൻതാര എത്തുന്നത്. വലിയ താരമായതിനാൽ നടി ഈ സിനിമ ചെയ്യുമോ എന്ന ആശങ്ക സിദ്ദിഖിനുണ്ടായിരുന്നു. ഫാസിൽ സാറിന്റെ പടത്തിൽ അഭിനയിക്കുമ്പോൾ നയൻതാരയെ കാണുകയും പരിചയപ്പെടുകയും ചെയ്തി‌ട്ടുണ്ട്. അതിന് ശേഷം നയൻ‌താര തമിഴിലെ സൂപ്പർസ്റ്റാറായി.

ഇടയ്ക്കൊരു ഇറക്കം വന്നെങ്കിലും വീണ്ടും പഴയതിനേക്കാൾ മുകളിലാണ് ഇപ്പോഴും നയൻതാരയുടെ സ്ഥാനം. നയൻ അഭിനയിക്കുമോ എന്ന് ഞാൻ ചോദിച്ചു. കഥ ഇഷ്ടപ്പെട്ടാൽ നയൻ അഭിനയിക്കുമെന്ന് ദിലീപ് പറഞ്ഞു. ഇക്കയുടെ പടമല്ലേ, നിങ്ങളോട് വലിയ ബഹുമാനമുള്ള നടിയാണ്, നല്ല കഥാപാത്രങ്ങൾ ആണെങ്കിൽ ഒരു മടിയുമില്ലാതെ അഭിനയിക്കുമെന്നും ദിലീപ് പറഞ്ഞു. അങ്ങനെയാണ് താൻ നയൻ‌താരയെ വിളിച്ച് കഥ പറയുന്നതെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി.

കഥ ഇഷ്ടപ്പെട്ട നയൻതാര, ഈ സിനിമ ഞാൻ തന്നെ അഭിനയിക്കും, ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. നയനാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ പ്രതിഫലത്തിൽ പ്രൊഡ്യൂസർക്ക് ‌ടെൻഷനായി. നയനോട് പറഞ്ഞപ്പോൾ പ്രതിഫലത്തിലും എന്റെ സ്റ്റാഫിന്റെ കാര്യത്തിലൊന്നും സിദ്ദിഖ് ഇക്ക ടെൻഷനാകേണ്ട, അവർക്ക് എന്താണ് അഫോർഡ് ചെയ്യാൻ പറ്റുന്നതെന്ന് പറ, അതനനുസരിച്ച് അ‍ഡ്ജസ്റ്റ് ചെയ്യാമെന്ന് നയൻതാര വ്യക്തമാക്കിയെന്നും സിദ്ദിഖ് അന്ന് ഓർത്തു.

മറ്റ് ഭാഷകളിൽ നയൻ‌താര വാങ്ങുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്ത ചെറിയ തുകയ്ക്കാണ് നടി ബോഡി​ഗാർഡിൽ അഭിനയിച്ചതെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. രാവിലെ ഏഴ് മണിക്ക് ഷൂട്ടിം​ഗ് തുടങ്ങും. ദിലീപും നയൻതാരയും വരാൻ കുറച്ച് വൈകുന്നതിനാൽ വേറെ സീനുകൾ എടുക്കും. നയൻ കൃത്യം 9 മണിക്ക് എത്തും. 8.55 ആകുമ്പോഴേക്കും വിത്ത് മേക്ക് അപ്പ് ലൊക്കേഷനിലുണ്ടാകും.

നമ്മൾ സീൻ എടുത്താലും ഇല്ലെങ്കിലും നടി എത്തും. വളരെ പ്രൊഫഷണലാണ്. ഡയലോ​ഗ് പഠിച്ച് ഒരു റിഹേഴ്സൽ, ഒരു ടേക്ക്. കാരവാനിൽ പോലും പോയിരിക്കില്ല. ഒരു ദിവസം തമാശയ്ക്ക് പേര് സെവൻതാര എന്നാക്കാൻ പറ്റുമോ എന്ന് ഞങ്ങൾ ചോദിച്ചു. അതെന്താ ഇക്കായെന്ന് നയൻ. നാളെ ഏഴ് മണിക്ക് ഷൂട്ടിം​ഗുണ്ടെന്ന് പറഞ്ഞപ്പോൾ നടി പൊട്ടിച്ചിരിച്ചു.

ഞാൻ വന്നോളാം ഇക്കാ എന്ന് പറഞ്ഞു. എന്നാൽ അന്ന് നയൻതാര വന്നെങ്കിലും ദിലീപ് വെെകിയെന്ന് സിദ്ദിഖ് ഓർത്തു. ദിലീപ് വന്നപ്പോൾ 11 മണിയായി. അന്ന് ദിലീപിനെ നയൻതാര കളിയാക്കി വിളിച്ചതാണ് സൽമാൻ ഖാൻ എന്ന്. സൽമാൻ 12 മണിക്ക് സെറ്റിലെത്തുന്ന നടനാണെന്നും സിദ്ദിഖ് അന്ന് ചൂണ്ടിക്കാട്ടി.

content highlight: truth-behind-nayantharas-conditions