History

അമ്പലപുഴ പാൽപായസത്തിൻറെ കഥ അറിയുമോ

അമ്പലപ്പുഴ ക്ഷേത്രം എന്ന് പറയുമ്പോൾ തന്നെ ആദ്യം എല്ലാവർക്കും ഓർമ്മ വരുന്നത് അമ്പലപ്പുഴ പാൽപ്പായസത്തെ കുറിച്ച് തന്നെയായിരിക്കും. അത്രത്തോളം പ്രസിദ്ധി കേട്ടത് ആണ് അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് പിന്നിലെ രഹസ്യം ഇതിന്റെ ഐതിഹ്യത്തെക്കുറിച്ച് ആർക്കൊക്കെ അറിയാം.. അമ്പലപ്പുഴ പാൽപായസത്തിലും ഒരു ഐതിഹ്യം ഉണ്ട്. . അതെന്താണെന്ന് നോക്കാം.

ചതുരംഗം കളിക്കുന്നത് ഒരു ലഹരിയായി കണക്കാക്കിയിരുന്ന ഒരു രാജാവുണ്ടായിരുന്നു അമ്പലപ്പുഴയിൽ. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കാനായി ഒരു ദരിദ്ര ബ്രാഹ്മണൻ കൊട്ടാരത്തിൽ എത്തുകയുണ്ടായി. സന്ദർശനത്തിന് ഇടയിൽ രാജാവ് ബ്രാഹ്മണനെ ചതുരംഗം കളിക്കാൻ ക്ഷണിച്ചു. ബ്രാഹ്മണൻ ആ ക്ഷണം സന്തോഷപൂർവ്വം സ്വീകരിച്ചു. എന്തെങ്കിലും ഒന്ന് പന്തയം വെച്ച ശേഷം വേണമായിരുന്നു കളി ആരംഭിക്കാൻ. പന്തയമുതൽ എന്തായിരിക്കണം എന്ന് രാജാവ് ബ്രാഹ്മണനോട് ചോദിച്ചു. എന്തു പറയണമെന്ന് അറിയാതെ ബ്രാഹ്മണൻ ഒരു നിമിഷം ആലോചിച്ചു. ഒടുവിൽ അദ്ദേഹം തൻറെ എളിയ ആവശ്യം അവതരിപ്പിച്ചു. രാജാവ് തന്നോട് തോൽക്കുകയാണെങ്കിൽ ചതുരംഗ കളത്തിലെ ഓരോ കള്ളിയിലും, ആദ്യത്തെ കളിയിൽ ഒന്ന്, രണ്ടാമത്തെ കളിയിൽ രണ്ട് മൂന്നാമത്തെ കളിയിൽ നാല് എന്നിങ്ങനെ 64 കള്ളികളിലും നെന്മണികൾ വെച്ച് അത് തനിക്ക് നൽകണം. കളിക്കാൻ ആരെയെങ്കിലും കിട്ടാൻ കാത്തിരുന്ന രാജാവ് കൂടുതലൊന്നും ആലോചിക്കാതെ അത് സമ്മതിച്ചു ഇനി താനാണ് ജയിക്കുന്നതെങ്കിൽ എന്തു തരും എന്ന് അദ്ദേഹം ബ്രാഹ്മണനോട് ചോദിച്ചു.

രാജാവിന് നൽകാനായി ഒന്നുമില്ലെന്നും തൻറെ തുച്ഛമായ സമ്പാദ്യമെല്ലാം രാജാവിന് നൽകാമെന്നും ബ്രാഹ്മണൻ സമ്മതിച്ചു. ഒടുവിൽ കളി ആരംഭിച്ചു. ദീർഘ നേരത്തെ കളിക്കൊടുവിൽ രാജാവ് തോറ്റു. ചതുരംഗ കളിയിലെ തൻറെ കേമത്തത്തെപ്പറ്റി ദുരഭിമാനം ഉണ്ടായിരുന്ന രാജാവിന് ആ തോൽവി ഒരല്പം നാണക്കേടായി. എങ്കിലും പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ബ്രാഹ്മണന് വേണ്ട നെല്ല് ദാനം ചെയ്യാം എന്ന് രാജാവ് തീരുമാനിച്ചു. അതിനായി ആദ്യം പറഞ്ഞിരുന്നത് പോലെ ഒന്നാം കളത്തിൽ ഒന്നും, രണ്ടാം കളത്തിൽ രണ്ടും, മൂന്നാം കളത്തിൽ നാലും, നാലാം കളത്തിൽ എട്ടും…… അങ്ങനെ അങ്ങനെ നെന്മണികൾ വയ്ക്കാൻ തുടങ്ങി. ഒരല്പം കഴിഞ്ഞപ്പോഴാണ് രാജാവിന് തനിക്ക് പറ്റിയ തോൽവിയുടെ ആഴം മനസ്സിലായത്. ബ്രാഹ്മണൻ ആവശ്യപ്പെട്ടതനുസരിച്ച് 64 കളത്തിലും നെന്മണികൾ നിറയ്ക്കാൻ തൻറെ ധാന്യപ്പുരയിലെ നെന്മണികൾ മതിയാവില്ല. 18,446,744,073,709,551,615 നെന്മണികൾ അഥവാ ദശലക്ഷക്കണക്കിന് പറ നെല്ല് വേണമായിരുന്നു തൻറെ പന്തയകടം വീട്ടുവാൻ.

അത് തിരിച്ചറിഞ്ഞതോടെ രാജാവ് എന്തുചെയ്യണമെന്നറിയാതെ നിസ്സഹായ ഭാവത്തിൽ ബ്രാഹ്മണനെ നോക്കി. അപ്പോൾ അദ്ദേഹം തൻറെ യഥാർത്ഥ രൂപം രാജാവിന് മുമ്പിൽ വെളിവാക്കി. മറ്റാരുമായിരുന്നില്ല ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയായിരുന്നു ആ ദരിദ്ര ബ്രാഹ്മണൻ. ഇത് കണ്ട് അത്ഭുതപ്പെട്ട രാജാവ് ഭഗവാനു മുൻപിൽ സാഷ്ടാംഗം വീണു. എങ്കിലും ഭഗവാനോട് ഉണർത്തിച്ച പന്തയക്കടം എങ്ങനെ വീട്ടുമെന്നറിയാതെ രാജാവ് വിഷണ്ണനായി നിന്നു. അദ്ദേഹത്തെ സമാധാനിപ്പിച്ചു കൊണ്ട് ഭഗവാൻ ഇപ്രകാരം കൽപ്പിച്ചു. “നീ എനിക്ക് നൽകേണ്ട നെന്മണികൾക്ക് പകരമായി ക്ഷേത്രത്തിൽ എത്തുന്ന എൻറെ വിശ്വാസികൾക്ക് എല്ലാ ദിവസവും നിവേദ്യമായി പാൽപ്പായസം നൽകണം”. അങ്ങനെയാണത്രേ അമ്പലപ്പുഴ പാൽപ്പായസം ആരംഭിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആചാരം ഇന്നും മുടങ്ങാതെ തുടർന്നു പോരുന്നു.

Story Highlights ; Ambalapuzha payasam history