ഇന്ന് തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായക നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് ധനുഷ്. തമിഴ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ധനുഷ് കൈവെച്ചത് വ്യത്യസ്ത മേഖലകളിൽ ആയിരുന്നു. അഭിനയത്തിന് പുറമെ നിര്‍മ്മാതാവ്, ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍ എന്നീ നിലകളിലും ധനുഷ് തിളങ്ങി.
അടുത്തിടെ നടി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയുമായ ബന്ധപ്പെട്ട വിവാദത്തില്‍ ധനുഷിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ബിടിഎസ് വീഡിയോ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടു എന്ന് ഇന്നലെയാണ് നയന്‍താര വെളിപ്പെടുത്തിയത്.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ധനുഷ് നിര്‍മിച്ച ചിത്രമാണ് നാനും റൗഡി താന്‍. ഇത് സംബന്ധിച്ച് ധനുഷ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 22 വര്‍ഷമായി തെന്നിന്ത്യയിലെ മുന്‍നിര താരമായി നിലകൊള്ളുന്ന ധനുഷിന്റെ ആകെ ആസ്തി, വാര്‍ഷിക വരുമാനം തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് ഇവിടെ പരിശോധിക്കാം.
ധനുഷിന്റെ ആസ്തി ഏകദേശം 230 കോടി രൂപയാണ് എന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 35 കോടി രൂപയില്‍ അധികമാണ് അദ്ദേഹം സമ്പാദിക്കുന്നത്. സിനിമയില്‍ നിന്നാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ സിംഹഭാഗവും സമ്പാദിച്ചിരിക്കുന്നത്. അഭിനയത്തിന് പുറമെ പരസ്യചിത്രങ്ങളില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും ഗണ്യമായ തുക ധനുഷിന്റെ അക്കൗണ്ടില്‍ എത്തുന്നുണ്ട്.
സ്വന്തം സിനിമാ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ഉടമ കൂടിയാണ് അദ്ദേഹം. ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നതനുസരിച്ച് ധനുഷ് ഒരു സിനിമയ്ക്ക് ഈടാക്കുന്നത് 20 കോടി രൂപ മുതല്‍ 35 കോടി രൂപ വരെയാണ്. മികച്ച വരുമാനം നേടിയ 19 സിനിമകള്‍ അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ചു. പരസ്യചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് കോടി രൂപയാണ് താരം ഈടാക്കുന്നത്.
ധനുഷിന് ചെന്നൈയില്‍ ഒരു ആഡംബര ബംഗ്ലാവും ഉണ്ട്. 20 കോടിയാണ് ഇതിന്റെ വിലയായി കണക്കാക്കിയിരിക്കുന്നത്. ആഡംബര കാറുകളുടെ ശേഖരവും താരത്തിനുണ്ട്. 6 കോടി രൂപ വിലയുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ്, 1.25 കോടി രൂപ വിലയുള്ള ഔഡി എ8, 75 ലക്ഷം രൂപ വിലയുള്ള ഫോര്‍ഡ് മസ്താങ്ങ് എന്നിവ അതില്‍ ചിലത് മാത്രമാണ്.
content highlight: dhanush-net-worth-2024