Movie News

എം കെ ത്യാഗരാജ ഭാഗവതരായി ദുൽഖർ; ‘കാന്ത’ ബിഗ് അപ്ഡേറ്റ് പുറത്ത് | DQ

1934 മുതൽ 1960 വരെ സിനിമയിൽ സജീവമായിരുന്ന ജനപ്രിയ നടനും കർണാടിക് ഗായകനുമായിരുന്നു എംകെടി എന്നറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതർ

പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാന്ത. യഥാർത്ഥ ജീവിതം ഇതിവൃത്തമാക്കി തെലുങ്ക് ഭാഷയിൽ ഒരുങ്ങുന്ന ചിത്രമാണ് കാന്ത.1950കളില്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്തന്‍ കൊലക്കേസ് ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ തമിഴിലെ ആദ്യ സൂപ്പർസ്റ്റാറായ എം കെ ത്യാഗരാജ ഭാഗവതരായാണ് ദുൽഖർ എത്തുക എന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

1934 മുതൽ 1960 വരെ സിനിമയിൽ സജീവമായിരുന്ന ജനപ്രിയ നടനും കർണാടിക് ഗായകനുമായിരുന്നു എംകെടി എന്നറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതർ. തന്റെ കരിയറിൽ 14 സിനിമകളാണ് അദ്ദേഹം ചെയ്തത്. അതിൽ 10 വലിയ വിജയങ്ങളുമായിരുന്നു.

എന്നാൽ ലക്ഷ്മികാന്തന്‍ എന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ ത്യാഗരാജ ഭാഗവതർ അറസ്റ്റിലാവുകയും ജയിലിൽ കഴിയുകയുമുണ്ടായി. തുടർന്ന് ഭാഗവതര്‍ സിനിമയിൽ നിന്നും കച്ചേരിയിൽ നിന്നും മാറിനിൽകുകയും 1959ല്‍ മരിക്കുകയുമായിരുന്നു. ഈ സംഭവങ്ങൾ പശ്ചാത്തലമാക്കിയാണ് സിനിമ കഥ പറയുന്നത് എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തിലായിരുന്നു കാന്തയുടെ പ്രഖ്യാപനം നടന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.

content highlight: actor-dulquer-salmaan-likely-to-portray-mk-thyagaraja-bhagavathar