Movie News

നെറ്റ്ഫ്ലിക്സിന്റെ പിറന്നാൾ സമ്മാനം ; വിവാദങ്ങൾക്കിടെ ‘നയൻതാര: ബിയോണ്ട് ദി ഫെയ്റി ടേൽ’ എത്തി

നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിം​ഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിം​ഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്.

ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ വിഘ്‌നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻതാരയോട് സംസാരിക്കുന്നതും കാണാനാകും. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയൻതാര. അതെല്ലാം ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ കാണാനാകും.