എത്രയൊക്കെ നവോത്ഥാന തേരോട്ടം ഉണ്ടായാലും ജാതിവാലില്‍ പേരിടുന്ന കാലം വരെയും ഒരുപക്ഷെ, അതിനപ്പുറവും ജാതീയതയും വര്‍ണ്ണ വിവേചനവും കേരളത്തില്‍ നിന്നും മാറില്ല. ജോലിയുടെ അടിസ്ഥാനത്തിലാണ് പണ്ട് ജാതി വേര്‍തിരിച്ചതെങ്കില്‍ ഇന്ന് ജോലിയുടെ പേരിലല്ല, ഏത് ജോലി സ്ഥലത്തും മനസ്സുകൊണ്ട് വന്‍മതില്‍ കെട്ടിയാണ് ജാതി കോമരങ്ങള്‍ പെരുമാറുന്നതെന്ന് വ്യക്തമാണ്. നോക്കൂ വ്യക്തവും സ്പഷ്ടവുമായി തിരുവനന്തപുരം ജഗതി ജംഗ്ഷനില്‍ ഒരു പെട്രോള്‍ പമ്പിനു മുമ്പില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്. അതില്‍ എഴുതിയിരിക്കുന്നത്, ‘ഉദ്യോഗസ്ഥരുടെ ജാതി വിവേചനം അവസാനിപ്പിക്കുക’ എന്നാണ്.
‘പട്ടിക ജാതിക്കാരായ ലൈസന്‍സികളെ ഒഴിവാക്കി സമ്പന്നര്‍ക്ക് പമ്പിന്റെ ലൈസന്‍സി നല്‍കുന്ന നീക്കത്തില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പിന്‍മാറുക. ബിനാമികള്‍ക്കെതിരേ പി.കെ.എസ് പ്രക്ഷോഭത്തിലേക്ക്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നീതി പാലിക്കുക.’ PKS എന്നാല്‍, ഇടതുപക്ഷ പ്രസ്ഥാനത്തിലെ പട്ടികജാതി വിഭാഗക്കാര്‍ക്കു വേണ്ടി രൂപീകരിച്ച സംഘടനയാണ്. ഈ സംഘടനയില്‍പ്പെട്ടവരാണ് കൊടിയും ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നത്. കിള്ളിയാറിന്റെ കരയിലുള്ള ഈ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നില്‍ക്കുന്നവര്‍ അടുത്തുള്ള കോളനികളിലെ അന്തേവാസികളും പട്ടികജാതിയില്‍പ്പെട്ടവരുമായിരുന്നു.
ഇവരുടെ വരുമാനം കൂടിയാണിത്. എന്നാല്‍, ഒരു സുപ്രഭാതത്തില്‍ ഈ പെട്രോള്‍പമ്പ് പൂര്‍ണ്ണമായും അടച്ചു പൂട്ടിയിരിക്കുന്നു. ഇതിനു മുമ്പില്‍ ബോര്‍ഡും കൊടിയും സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ജീവനക്കാരും പെട്രോള്‍ പമ്പ് ഉടമയുമായുള്ള ശമ്പളത്തിന്റെ പേരിലുള്ള സമരമോ, ആനുകൂല്യങ്ങള്‍ വെട്ടിക്കുന്നതിന്റെ പേരിലുള്ള സമരമോ അല്ലിത്. ജാതകീയതയുടെ പേരിലുള്ള സമരമാണെന്ന് വ്യക്തം. കേരളത്തിന്റെ നവോത്ഥാന മണ്ണില്‍ ഇന്നും ജാതീയതയുടെ അഴുകിയ പിന്നാമ്പുറങ്ങള്‍ ചികഞ്ഞെടുത്ത് പ്രയോഗിക്കുന്നവര്‍ ഇന്നുമുണ്ടെന്ന് അര്‍ത്ഥം. എല്ലുമുറിയെ മണ്ണില്‍ പണിയെടുത്ത് നാടിനെ ഊട്ടിവരുടെ തലമുറയെ ഇന്നും മണ്ണിനടിയില്‍ ചവിട്ടിത്താഴ്ത്താന്‍ നോക്കുന്നവരുണ്ടെന്ന പ്രഖ്യാപനമാണ് ആ ബോര്‍ഡ്. പച്ചയ്ക്ക് ജാതീയത വിളിച്ചു പറയുമ്പോള്‍ പ്രതികരിക്കാന്‍ മറ്റു വഴി തേടിയവരാണ് ആ ബോര്‍ഡ് വെച്ചത്.
വിദ്യാഭ്യാസവും പൊതു ഇടങ്ങളിലെ സ്വീകാര്യതും ഇല്ലാതിരുന്ന ഒരു ഇരുണ്ടകാലത്തില്‍ നിന്നും അല്‍പ്പം വെളിച്ചം കിട്ടിയിട്ടു പോലും, അന്നിന്റെ അവശിഷ്ടങ്ങള്‍ പേറുന്നവര്‍ ഇന്നും മാടമ്പികളെപ്പോലെയാണ് പെരുമറിക്കൊണ്ടിരിക്കുന്നത്. അവര്‍ക്കെതിരേ കൊടിയും വടിയുമെടുക്കാന്‍ മുതിരുന്നത് അവകാശങ്ങള്‍ക്കു മേല്‍ തീയിടുന്നതു കൊണ്ടാണെന്ന് ഭരണകൂടം തിരിച്ചറിയണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന പട്ടിക ജാതി വിഭാഗത്തിലെ ജീവനക്കാരോട് എന്തിനാണ് ഐ.ഒ.സി അധികൃതര്‍ ഇത്തരത്തില്‍ ഇടപെടുന്നത്. നീതീകരിക്കാനാവാത്ത ജാതീയതയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് കൊടിയുടെ നിറം നോക്കാതെ പിന്തുണ പ്രഖ്യാപിക്കുകയാണ് വേണ്ടത്.
മനുഷ്യന്‍ ചന്ദ്രനില്‍ തട്ടുകട തുടങ്ങാന്‍ ആലോചിക്കുന്ന ആധുനിക കാലത്തു പോലും മേല്‍മുണ്ടിനടിയില്‍ ഒളിപ്പിച്ചു കൊണ്ടു നടക്കുന്ന വര്‍ണ്ണവെറിയെ പുറത്തെ വെയില്‍ വലിച്ചിട്ടു പൊള്ളിക്കണം. വൈക്കം എം.എല്‍.എ സി.കെ. ആശയെ മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനില്‍ ഇരുത്തിയ ഒരു എസ്.ഐ തൊട്ട്, മാധ്യമ സ്ഥാപനങ്ങളില്‍ രാത്രിയും പകലും പീഡിപ്പിക്കപ്പെടുന്ന പട്ടിക ജാതിയില്‍പ്പെട്ട വനിതകള്‍ വരെ ജാതീയതയുടെ ഇരകളാണ്. ഇവരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും അകലുന്തോറും ചാതുര്‍വര്‍ണ്യം പുതിയ രൂപമെടുക്കുന്നുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.
ജഗതിയിലെ പെട്രോള്‍ പമ്പില്‍ ഉയര്‍ന്നിരിക്കുന്ന ബോര്‍ഡും അവിടുത്തെ പ്രശ്‌നവും സമൂഹത്തിനു മുമ്പില്‍ തുറന്നു വെച്ചിരിക്കുന്ന കണ്ണാടിയാണ്. ഈ കണ്ണാടിയില്‍ നോക്കുന്ന ഓരോരുത്തര്‍ക്കും കാണാനാകും ജാതീയത എന്താണെന്ന്. ഹിന്ദുവും മുസ്ലീമും ക്രിസ്താനിയും മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുമെന്നും, മതാന്ധത ബാധിച്ച് ലഹള നടത്തുമെന്നും നമുക്കറിയാം. എന്നാല്‍, ഇക്കാലത്ത് ജാതീയത പറയുന്നവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന വിദ്യാസമ്പരുടെ തിട്ടൂരം കൊണ്ട് അകന്നു പോകുന്നത്, പാവപ്പെട്ട പട്ടികജാതിക്കാരാണ്. കാരണം, അവരാണ് ബോര്‍ഡില്‍ ജാതീയത എഴുതിവെച്ചിരിക്കുന്നത്. പിന്നെന്താണ് അവര്‍ ചെയ്യേണ്ടത്.
ജനാധിപത്യ ഭരണത്തില്‍പ്പോലും അഭിപ്രായം പറയാന്‍ പാകത്തിന് ഐക്യമില്ലാതായിപ്പോയ ഒരു ജനതയെ ഇന്നും അടിമകള്‍ക്കു തുല്യമായി കാണുന്നവരാണ് മറ്റുള്ളവര്‍. അല്ലെങ്കില്‍ ജാതി പരസ്യമായി പറയാതെ സ്വന്തം പേരിനു പിന്നില്‍ തൂക്കിയിട്ട്, ഞാന്‍ ഇതാണെന്ന് പറയാതെ പറയുകയാണ്. അവനവന്റെ ജാതിപ്പേര്‍ പേരിനൊപ്പം ഇടാന്‍ മടിക്കുന്ന, അഥവാ ഇട്ടാല്‍ തിരിച്ചറിയുമെന്ന് ഭക്കുന്നവര്‍ കേരളത്തില്‍ ആരാണ്. അതാണ് യഥാര്‍ഥ ജാതീയത. അത്് ഇല്ലാതചായിട്ടില്ല ഇന്നും കേരളത്തില്‍. എസ്.എസ്.എല്‍.സി. ബുക്കില്‍ പേരെഴുതുമ്പോള്‍ ജാതിപ്പേരു കൂടി സ്വന്തം പേരിനൊപ്പം എഴുതാന്‍ കഴിയുന്ന ഒരു വിവര ദോഷം കേരളത്തിലുണ്ട്. അത് മാറുമ്പോള്‍ മാത്രമേ കപട നവോത്ഥാനക്കാരുടെ നാടകങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. ജഗതിയിലെ പമ്പില്‍ നടക്കുന്ന സമരവും അവസാനിക്കണമെങ്കില്‍ ഇങ്ങനെ ജാതീയമായി മനസ്സില്‍ ചിന്തിക്കുന്നവരുടെ ഇരുണ്ട ചിന്ത മാറണം.
CONTENT HIGHLIGHTS; Kerala where caste discrimination has not changed: The board on the petrol pump in Jagati is a mirror of Kerala; A must see for pseudo-revivalists