Celebrities

‘അക്കാ… നിങ്ങൾക്ക് നാണമില്ലേ, അവിടെ നടക്കുന്നതറിയുന്നില്ലേ?’; നയൻതാര – വിഘ്നേഷ് പ്രണയം ; രാധിക ശരത്കുമാറിനോട് പറഞ്ഞ് ധനുഷ്

ധനുഷിനെതിരെ നയൻതാരയുടെ തുറന്ന കത്ത് വിവാദമായ സാഹചര്യത്തിൽ രാധിക ശരത്കുമാറിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.

നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ പ്രണയത്തിലാണെന്ന് തന്നെ അറിയിച്ചത് ധനുഷ് ആണെന്ന് രാധിക ശരത്കുമാർ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ എന്ന ഡോക്യുമെന്ററിയിലാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ. ധനുഷിനെതിരെ നയൻതാരയുടെ തുറന്ന കത്ത് വിവാദമായ സാഹചര്യത്തിൽ രാധിക ശരത്കുമാറിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
രാധിക ശരത്കുമാറിന്റെ വാക്കുകൾ: “നയൻതാരയും വിക്കിയും ഡേറ്റിങ്ങിലാണെന്ന കാര്യം എന്നെ വിളിച്ചറിയിക്കുന്നത് ധനുഷാണ്. ഒരു ദിവസം എന്നെ ധനുഷ് വിളിച്ചു. ‘അക്കാ… നിങ്ങൾക്ക് നാണമില്ലേ,’ എന്നായിരുന്നു എന്നോടു ചോദിച്ചത്. എന്താണിങ്ങനെ ഒരു ചോദ്യം എന്നായി ഞാൻ. അപ്പോൾ ധനുഷ് ചോദിച്ചു, ‘അവിടെ എന്താണ് നടക്കുന്നത് എന്നറിയാമോ? വിക്കിയും നയനും ഡേറ്റിങ്ങിലാണെന്ന് അറിഞ്ഞില്ലേ’? നിങ്ങൾ ഇത് എന്താണ് പറയുന്നത് എന്ന അദ്ഭുതമായിരുന്നു എനിക്ക്. ഞാനൊന്നും അറിഞ്ഞിരുന്നില്ല.”

പ്രതികാരദാഹിയായ ഏകാധിപതി, നന്മയുടെ മുഖംമൂടി അഴിച്ചുവയ്‌ക്കൂ ധനുഷ്: നയൻതാരയുടെ കത്തിന്റെ പൂർണരൂപം നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ചിത്രത്തിലെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കിൽ നോട്ടിസ് അയച്ചിരുന്നു. മൂന്നു സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് ആവശ്യപ്പെട്ടത്. ഇതിനെതിരെ തുറന്ന കത്തുമായി നയൻതാര എത്തയതോടെയാണ് താരവും ധനുഷും തമ്മിലുള്ള പ്രശ്നങ്ങൾ ആരാധകർക്കു മുൻപിൽ വെളിപ്പെട്ടത്.

 

ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി. ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്ന് നയൻതാര പറയുന്നു. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടനുള്ളതെന്നും നയൻതാര വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നയൻതാര പറയുന്നു.