Celebrities

ഒപ്പം ജീവിക്കണമെങ്കിൽ സിനിമ വിടണമെന്ന് കാമുകൻ; ആ ബന്ധം തകർന്ന കഥ തുറന്നു പറഞ്ഞ് നയൻതാര | nayanthara-opens-up-about-past-relationships-on-her-documentary

തന്റെ നാല്പതാം പിറന്നാൾ ദിനത്തിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്

ഗോസിപ്പ് കോളങ്ങളിൽ ഒരു കാലത്ത് സജീവമായിരുന്നു നയൻതാരയും പ്രഭുദേവയുമായുള്ള പ്രണയം. പിന്നീട് ആ ബന്ധം തകർന്നതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രധാനമായ ഒരു വെളിപ്പെടുത്തൽ നടത്തുകയാണ് നടി. തന്റെ മുൻകാല ബന്ധങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് രംഗത്ത് എത്തുകയാണ് നയൻതാര. ചിമ്പു എന്ന ചിലമ്പരശൻ, പ്രഭുദേവ തുടങ്ങിയവരുമായി നേരത്തെ നയൻതാര സൗഹൃദത്തിലായിരുന്നുവെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവരുമൊത്തുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇക്കാര്യത്തിന് പിന്നിൽ എന്താണ് എന്നാണ് നയൻതാര തന്റെ ജീവിതം പറയുന്ന നെറ്റ് ഫ്ലിക്സ് ഡോക്യുമെന്ററിയായ ‘നയൻതാര – ബിയോണ്ട് ദ ഫെയറിടെയിലിൽ’ വെളിപ്പെടുത്തുന്നത്. തന്റെ നാല്പതാം പിറന്നാൾ ദിനത്തിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.

ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനില്ക്കെയാണ് ഇതിന്റെ റിലീസ്. ഡോക്യുമെന്ററിയിൽ ഉപയോഗിച്ച ദൃശ്യങ്ങളെച്ചൊല്ലി ധനുഷും നയൻതാരയും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും നിയമവഴിയിലും കൊമ്പുകോർക്കുകയാണ്. ഇതിനിടെയാണ് ഡോക്യുമെന്ററിയുടെ റിലീസും അതിൽ തന്റെ പൂർവ്വ കാല സൗഹൃദങ്ങളെക്കുറിച്ചും നയൻതാര വെളിപ്പെടുത്തിയത്.പ്രഭുദേവയുമൊത്ത് സൗഹൃദത്തിലായിരുന്ന നയൻതാര അദ്ദേഹത്തെ വിവാഹം കഴിച്ച് സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹവുമൊത്തുള്ള ബ്രേക്കപ്പ് നയൻതാരയുടെ തന്നെ ജീവിതം മാറ്റിമറിക്കുകയായിരുന്നു.

നേരത്തെ തന്നെ വിവാഹിതനായ പ്രഭുദേവ നയൻതാരയുമൊത്ത് ഒന്നിക്കുന്നു എന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർക്കുകയും ചെയ്തു. വിവാഹം കഴിയുന്നതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്നും തന്റെ അവസാന ചിത്രമായിരിക്കും ‘ശ്രീ രാമ രാജ്യം’ എന്നടതക്കം നയൻതാര പ്രഖ്യാപിച്ചിരുന്നു. പലരും നയൻതാര എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംവിധായകൻ ദസരി നാരായണ റാവു നയൻതാരയോട് നേരിട്ട് പറഞ്ഞു, ‘സിനിമയിൽ നിന്ന് വിട്ടു നിൽക്കരുത്’ എന്ന്. എന്നാൽ അന്ന് നയൻതാര തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. പക്ഷെ, പ്രഭുദേവയുടെ ഭാര്യ ലത വിവാഹമോചനത്തിനു തയ്യാറാകാതായതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണു. ഇതോടെ നയൻതാര തന്റെ തീരുമാനം മാറ്റുകയായിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും തനിക്ക് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ലെന്നും പ്രഭുദേവയുമൊത്തുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ട് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ആറ്റ്ലി ചിത്രം രാജാ റാണിയിലൂടെയാണ് പിന്നീട് നയൻതാര ഗംഭീര തിരിച്ചു വരവ് നടത്തിയത്. തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും താരം ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. തീർത്തും വിശ്വാസപൂർണ്ണമായ ഒരു ബന്ധമായിരുന്നു തന്റെ ആദ്യത്തെ പ്രണയമെന്ന് താരം പറയുന്നു. അപ്പുറത്തു നിൽക്കുന്നയാൾ തിരിച്ച് അതേ രീതിയിൽ പ്രണയിക്കുന്നുവെന്ന ആ വിശ്വാസമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും നയൻതാര പറയുന്നു. ആരുടേയും പേരെടുത്ത് പറയാതെയാണ് നയൻതാരയുടെ വാക്കുകൾ. സിനിമയിലെത്തിയതിന് ശേഷം ചിലമ്പരശനുമായിട്ടായിരുന്നു നയൻതാരയുടെ ആദ്യ സൗഹൃദം. പിന്നീട് പല അഭ്യൂഹങ്ങളും ഇരുവരേയും ബന്ധപ്പെടുത്തി പ്രചരിച്ചിരുന്നു.

STORY HIGHLLIGHTS: nayanthara-opens-up-about-past-relationships-on-her-documentary