Celebrities

29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു ; കുറിപ്പുമായി എആർ റഹ്മാൻ

എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല.

29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും ഇന്നലെയാണ് ആരാധകരെ അറിയിച്ചത്. സൈറയാണ് പ്രസ്താവനയിലൂടെ ആദ്യം ഇക്കാര്യം പുറത്തുവിട്ടത്. പിന്നാലെ എആർ റഹ്മാന്റെ പ്രസ്താവനയുമെത്തി. വിവാഹജീവിതം മഹത്തരമായ മുപ്പത് വർഷങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ എല്ലാത്തിനും അദൃശ്യമായ അവസാനം ഉണ്ടെന്ന് തോന്നുന്നെന്ന് എആർ റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. എക്സിലൂടെയായിരുന്നു റഹ്മാന്റെ പ്രതികരണം.

“മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറച്ചേക്കാം. എന്നിട്ടും ഈ തകർച്ചയിൽ ഞങ്ങൾ അർഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട് ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും, ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി”- എന്നാണ് റഹ്മാന്‍ എക്സ് അക്കൗണ്ടിൽ‌ കുറിച്ചിരിക്കുന്നത്.

എആര്‍ആര്‍ സൈറ ബ്രേക്ക് അപ് എന്ന ഹാഷ്ടാഗും റഹ്മാന്‍ നല്‍കിയിട്ടുണ്ട്. രണ്ട് പേരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നില്ല. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്നായിരുന്നു പ്രസ്താവനയിലൂടെ സൈറ വ്യക്തമാക്കിയത്. 1995 ലാണ് എആർ റഹ്മാനും സൈറ ബാനുവുവും വിവാഹിതരായത്. വേർപിരിയുന്ന ഈ ഘട്ടത്തിൽ സ്വകാര്യത മാനിക്കണം എന്ന് എആർ റഹ്മാനും സൈറ ബാനുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ മൂന്ന് മക്കളും ഇതേ ആവശ്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്..