സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ വിവാഹമോചനത്തിന്‍റെ ഞെട്ടിക്കുന്ന പ്രഖ്യാപനം കോളിവുഡിനെ ശരിക്കും ഞെട്ടിച്ചു. റഹ്മാനും സൈറയും തമ്മിലുള്ള 29 വര്‍ഷം പിന്നിട്ട ബന്ധമാണ് അവസാനിച്ചത്. സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും സൈറയും 1995ലാണ് വിവാഹം കഴിച്ചത്. വളരെ വേദനയോടെയും ദുഖത്തോടെയുമാണ് തീരുമാനമെന്നും സൈറ വ്യക്തമാക്കിയത്. 30 വര്‍ഷം തികയ്ക്കും എന്നാണ് കരുതിയത് എന്നും എന്നാല്‍ അദൃശ്യമായ ഒരു അവസാനം എല്ലാ ബന്ധത്തിനും ഉണ്ടെന്നാണ് വിവാഹ മോചനത്തെക്കുറിച്ച് റഹ്മാന്‍ പ്രതികരിച്ചത്.
എ.ആർ. റഹ്മാന്‍റെ വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ആകുന്നത്. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച് മീമുകളില്‍ നടൻ ധനുഷിന്‍റെ പേരും സോഷ്യൽ മീഡിയയിൽ ട്രെൻഡാകാന്‍ തുടങ്ങി. പൊതുവേ, തമിഴ് സിനിമയിൽ ഒരു സെലിബ്രിറ്റി വിവാഹമോചനം പ്രഖ്യാപിക്കുമ്പോഴെല്ലാം, മീം ക്രിയേറ്റർമാർ പലപ്പോഴും ധനുഷിന്‍റെ പേര് തമാശയായി എടുത്തിടുന്നത് പതിവാണ് എന്നാണ് ചില തമിഴ് സൈറ്റുകള്‍ പറയുന്നത്. അടുത്തിടെ ജയം രവിയുടെയും ആരതിയുടെയും വിവാഹമോചന വാർത്തകൾക്കിടയിൽ, ധനുഷിന്‍റെ പേര് മീമുകളിലും തമാശകളിലും പരാമർശിക്കപ്പെട്ടിരുന്നു.