കൈരളി ചാനലിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. വല്ല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തു എന്ന് ഒരു അഭിമഖത്തിൽ പറഞ്ഞതിനാണ് ഫേസ് ബുക്കിലൂടെയുള്ള ഷാജി കൈലാസിന്റെ ക്ഷാമപണം. അങ്ങനെ പറഞ്ഞത് തമാശയായിട്ടാണെന്നാണ് ഷാജി കൈലാസ് വ്യക്തമാക്കുന്നത്. കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ എം.വെങ്കിട്ടരാമൻ ഉൾപ്പെടെ ഉള്ളവരെ ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് മനസിലാക്കുന്നു. എന്നാൽ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും ഷാജി കൈലാസ് പോസ്റ്റിൽ വിശദീകരിച്ചു.
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചാനലാണ് കൈരളി. വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ്. അത്കൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കില്ലെന്നും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ സിനിമയായ വല്ല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ അഭിമാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.