Beauty Tips

മുടി ചകിരി പോലെ ആയോ ? പരിഹാരം വീട്ടിൽ തന്നെയുണ്ട്

മുടിയിഴകളുടെ ആരോ​ഗ്യം നശിക്കുന്നതിന്റെ ഒരു ലക്ഷണമാണ് മുടി ചകിരിനാരുകൾ പോലെ പരുപരുത്തത് ആകുന്നത്. കാലാവസ്ഥാ മാറ്റം, അന്തരീക്ഷ മലീനീകരണം, ഭക്ഷണം എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. എപ്പോഴും മുടിയഴക് കൂട്ടാൻ ബ്യൂട്ടീപാർലറുകളിൽ പോയി പണം കളയേണ്ടതില്ല. നമുക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാം. മുടി നന്നായി കണ്ടീഷനിം​ഗ് ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. വരണ്ട മുടിയിൽ നിന്ന് മികച്ച ആശ്വാസം നൽകുന്ന ഒന്നാണ് തൈര്. അൽപം തൈരും മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുടിയിൽ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയുന്നത് മുടിയുടെ പരുപരുക്കൻ സ്വഭാവത്തെ മാറ്റും. വാഴപ്പഴം, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് കട്ടിയുള്ള പാക്കായി തലയിൽ തേച്ച് 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

കറ്റാർവാഴ ജെല്ലിന് ഒപ്പം ഓലീവ് ഓയിൽ മിക്സ് ചെയ്ത് പുരട്ടുന്നതും ​ഗുണം ചെയ്യും. തേങ്ങയുടെ പാൽ പിഴിഞ്ഞെടുത്ത് മുടിയിൽ തേക്കുന്നതിലൂടെ മുടിയുടെ അറ്റം പിളരുന്നതിൽ നിന്ന് ആശ്വാസം നൽകും. നാരങ്ങാനീരും തേങ്ങാപ്പാലും ഉപയോഗിച്ച് ഹെയർ മാസ്‌ക് ഉണ്ടാക്കി ഉപയോ​ഗിക്കുന്നതും മുടി കൊഴിച്ചിൽ തടയാനും മുടിയിഴകൾ ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കും. പരസ്യങ്ങളിലെ മിനുമിനുത്ത മുടി കിട്ടാൻ വീട്ടിൽ തന്നെ ഇത്തരം പൊടിക്കൈകൾ ചെയ്യാവുന്നതേയുള്ളൂ. നമ്മുടെയൊക്കെ അടുക്കളയിൽ മിക്കപ്പോഴും തന്നെ കാണുന്ന ഈ ചേരുവകൾ ഉപയോ​ഗിച്ച് പണച്ചിലവില്ലാതെ മുടിയിഴകളെ സംരക്ഷിച്ച് നിർത്താം.