Celebrities

‘എആർ റഹ്മാൻ ഭാര്യക്കൊപ്പമാണോ കഴിയുന്നതെന്ന് ആരും നോക്കാൻ പോകുന്നില്ല; പുറത്ത് പറയാതെ മാറി നിൽക്കാമായിരുന്നു’ | A R Rahman

പിതാവിന്റെ പാത പിന്തുടർന്ന് ഖദീജയും സം​ഗീത ലോകത്തേക്ക് ക‌ടന്ന് വന്നു

മാതൃകാ ദമ്പതികളുടെ പട്ടികയിലായിരുന്നു സം​ഗീത മാന്ത്രികൻ എആർ റഹ്മാന്റെയും ഭാര്യ സൈറ ഭാനുവിന്റെയും പേര്. ഏറ്റവും സിംപിളായ താരദമ്പതികൾ എന്നായിരുന്നു ഇരുവരെയും ആരാധകർ വിശേഷിപ്പിച്ചിരുന്നത്. പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സൈറയും എആർ റഹ്മാനൊപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള അഭിമുഖങ്ങളെല്ലാം വലിയ ഹിറ്റായിരുന്നു. ഇരുപത്തിയൊമ്പത് വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തിനുശേഷം താരദമ്പതികൾ കഴിഞ്ഞ ദിവസമാണ് തങ്ങൾ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

ആരാധകർക്കും സം​ഗീത പ്രേമികൾക്കും എന്തിന് സ​ഹപ്രവർത്തകർക്കുപോലും അതൊരു സങ്കടം നൽകുന്ന വാർത്തയായിരുന്നു. ദമ്പതികളുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. എആർ റഹ്മാന്റെ തീരുമാനം പല തരത്തിൽ സമൂഹത്തെ ബാധിക്കുമെന്ന് അന്തനൻ അഭിപ്രായപ്പെട്ടു. വിവാഹമോചിതരാവുകയാണെന്ന് എആർ റഹ്മാനും സൈറ ബാനുവും തുറന്ന് പറയേണ്ടിയിരുന്നില്ലെന്ന് അന്തനൻ പറയുന്നു.

എആർ റഹ്മാൻ ഭാര്യക്കൊപ്പമാണോ കഴിയുന്നതെന്ന് ആരും നോക്കാൻ പോകുന്നില്ല. ഒന്നിച്ച് പോകാനാകുന്നില്ലെങ്കിൽ പുറത്ത് പറയാതെ മാറി നിൽക്കാമായിരുന്നു. മകളുടെ കല്യാണം നടത്തി. തങ്ങളുടെ കടമകളെല്ലാം ചെയ്തു. പരസ്പരം പ്രശ്നമുണ്ടെന്ന് അകന്ന് കഴിയാം. ഇത് പുറത്ത് പറയേണ്ട ആവശ്യം ഇല്ല. ഇന്നത്തെ തലമുറയ്ക്ക് വിവാഹ ജീവിതത്തോട് താൽപര്യമില്ല.

പെട്ടെന്ന് വിവാഹം ചെയ്ത് പെട്ടെന്ന് തന്നെ വേർപിരിയുന്നു. കുടുംബ കോടതിയിൽ ദിനംപ്രതി ഒരുപാട് കേസുകൾ. ഇങ്ങനെയൊരു സാഹചര്യത്തിൽ പുതുതലമുറയ്ക്ക് വിവാഹ ജീവിതത്തെക്കുറിച്ച് വിശ്വാസം പകർന്ന് നൽകേണ്ടവരാണ് ഇവരെല്ലാം. എആർ റഹ്മാന്റെ തീരുമാനം ഭാവി സമൂഹത്തെ മോശമായി സ്വാധീനിക്കുമെന്നും അന്തനൻ പറയുന്നു.

വിവാഹ​മോചനത്തെക്കുറിച്ച് താനറിഞ്ഞ വിവരവും അന്തനൻ പങ്കുവെച്ചു. എആർ റഹ്മാൻ പൂർണമായും സം​ഗീതത്തിലേക്ക് തന്റെ ജീവിതം അർപ്പിച്ചു. വലിയൊരു സ്റ്റുഡിയോ പണിതിട്ടുണ്ട്. വിദേശത്തുള്ളത് പോലെ ഹൈ ടെക് സൗകര്യങ്ങളുള്ള സ്റ്റുഡിയോ ആണിത്. തുടരെ വലിയ തിരക്കുകളിലേക്ക് കടന്നു. വീട്ടിൽ ഫോൺ ചെയ്താൽ എന്താണെന്ന് ചോദിക്കാൻ പോലും പറ്റാത്ത തിരക്കിലായി.

ഇത് വിവാഹ ജീവിതത്തെ ബാധിച്ചു. വലിയ ബം​ഗ്ലാവ്. കിച്ചണിൽ നിന്ന് ഹാളിലേക്ക് നാല് കിലോ മീറ്റർ ദൂരമുണ്ടെങ്കിൽ ആ വീട്ടിലുള്ള എല്ലാവരും അവരവരുടെ റൂമിലായിരിക്കും. പരസ്പരമുള്ള സംസാരം കുറയും. ആഡംബര ജീവിതം നയിക്കുന്ന പലരുടെയും പ്രശ്നം ഇതാണ്. കുടുംബത്തോടൊപ്പമിരുന്ന് സംസാരിക്കാതാകുമ്പോൾ വിരക്തി തോന്നും. റഹ്മാൻ ഇനിയും കരിയറിൽ ഉയർച്ചയ്ക്ക് വേണ്ടി ഓടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

അതേസമയം ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമം നടത്തിയേക്കുമെന്നും അന്തനൻ പറഞ്ഞു. ഖദീജ റഹ്മാൻ, എആർ അമീൻ, റ​ഹീമ റഹ്മാൻ എന്നീ മൂന്ന് മക്കളാണ് എആർ റഹ്മാനും സൈറ ബാനുവിനുമുള്ളത്. മൂത്ത മകൾ ഖദീജ വിവാഹിതയാണ്. പിതാവിന്റെ പാത പിന്തുടർന്ന് ഖദീജയും സം​ഗീത ലോകത്തേക്ക് ക‌ടന്ന് വന്നു. ഇന്ന് തമിഴകത്ത് അറിയപ്പെടുന്ന ​ഗായികയും സം​ഗീത സംവിധായികയുമാണ് ഖദീജ.

content highlight: ar-rahman-could-have-keep-his-separation-private