Recipe

ഉരുളക്കിഴങ്ങും തൈരും കൊണ്ട് കിടിലൻ കറി

തൈരും ഉരുളക്കിഴങ്ങും ഉണ്ടോ? എങ്കിൽ എത്ര കഴിച്ചാലും മതി വരാത്ത ഒരു സ്പെഷ്യൽ റെസിപ്പി പരിചയപ്പെടാം. നോർത്തിന്ത്യൻ സ്പെഷ്യൽ ആലു ദാഹിയുടെ അതേ രുചിക്കൂട്ടാണ്.

ചേരുവകൾ

ഉരുളക്കിഴങ്ങ്- 2
തൈര്- 2 കപ്പ്
വെള്ളം- 4 ടേബിൾസ്പൂൺ
ഇഞ്ചി- 1 ടീസ്പൂൺ
വെളുത്തുള്ളി- 1 ടീസ്പൂൺ
പച്ചമുളക്- 2
ജീരകം- 2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
കറിവേപ്പില- 2 തണ്ട്
കടുക്- 1 ടീസ്പൂൺ
മുളകുപൊടി- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മല്ലിയില – 1 കപ്പ്

തയ്യാറാക്കുന്ന വിധം

രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുക്കാം. വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് രണ്ട് കപ്പ് കട്ടത്തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർക്കുക. ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഒരു ടീസ്പൂൺ കടുകും, ഒരു പിടി കറിവേപ്പിലയും ചേർക്കാം. ഒപ്പം രണ്ട് ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ ജീരകവും ചേർത്ത് വറുക്കുക. അത് തൈരിലേക്ക് ചേർക്കാം. മുകളിലായി ഒരു കപ്പ് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി ചോറിനൊപ്പം കഴിക്കാം.