Human Rights

മധുരം നഷ്ടപ്പെട്ട ജീവിത വഴിയിലെ പാട്ട്: എ.ആര്‍.റഹ്മാന്‍ ഭാര്യ സൈറാ ബാനുവിനോട് വിടപറയുമ്പോള്‍; തീരുമാനം സമൂഹത്തെ മോശമായി സ്വാധീനിക്കും: ആരാധകര്‍ കടുത്ത ദുഖത്തില്‍

മണിരത്‌നത്തിന്റെ ബോംബെ എന്ന സിനിമയില്‍ മനീഷാ കൊയ്‌രാളയുടെ വേഷത്തിന്റെ പേര് വീണ്ടും ഓര്‍മ്മിക്കുന്നു. ഷൈലബാനു. പ്രണയ സാഫല്യത്തിനായി സ്വന്തം മതവും ജാതിയും ദേശവും വിട്ട് ബോംബെയില്‍ എത്തുന്ന തനി നാട്ടിന്‍പുറത്തുകാരി. കാമുകനെ കണ്ടെത്തി, ഒപ്പം ജീവിക്കാന്‍ തുടങ്ങുമ്പോഴും സംഘര്‍ഷ ഭരിതമായ സാഹചര്യങ്ങളിലും അവള്‍ മുറുകെ പിടിക്കുന്ന ഒരു കാര്യമുണ്ട്. ഷൈലബാനു വളര്‍ന്നുവന്ന മതാചാര പ്രാകരമുള്ള ചിട്ടയുള്ള ജീവിതം. ആ സിനിമയെ ലോക ക്ലാസിക്കിലേക്കുയര്‍ത്താന്‍ എ.ആര്‍. റഹ്മാനെന്ന സംഗീത മാന്ത്രികന്റെ സ്പര്‍ശവും ഉണ്ടായിരുന്നു. ബോംബെയിലെ ഷൈലബാനുവിനെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, എ.ആര്‍. റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും വേര്‍പിരിയലാണ്. ഷൈലബാനുവിലൂടെ റഹ്മാന്റെ സൈറാബാനുവിനെ കാണാനാകുന്നു ഇപ്പോള്‍.

വേര്‍പിരിയലുകള്‍ എന്നും വേദനയാണ്. പ്രത്യേകിച്ച് മനസ്സിന് ഇഷ്ടമുള്ളവരുടേത്. അങ്ങനെയൊരു ദമ്പതികളായിരുന്നു എ.ആര്‍. റഹ്മാനും ഭാര്യ സൈറ ബാനുവും. വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാനായില്ലെങ്കിലും അവരുടെ ജീവിത വഴിയിലെ സംഗീതത്തില്‍ മുറിവു പറ്റുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ ആഘാതമാണുണ്ടാവുക. നന്നായി പാടിക്കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ മുറുകെ പിടിക്കുന്ന പ്രതീതി. എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത് ?. എന്തിനാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നൊക്കെ കാടു കയറി ചിന്തിക്കുന്ന ആരാധകരുണ്ട്. അങ്ങനെ ചിന്തിക്കുന്നതിന് കാരണം ഒന്നേയുള്ളൂ. എ.ആര്‍. റഹ്മാനെന്ന സംഗീത സംവിധായകനോടുള്ള കരുതലും ഇഷ്ടവും.

അയാള്‍ക്കുള്ളതെല്ലാം നമ്മുടേതും കൂടെയാണെന്നുള്ള വിശ്വാസം. അയാള്‍ക്കു പ്രീയപ്പെട്ടതെല്ലാം രാജ്യത്തിനും പ്രീയപ്പെട്ടതാണെന്ന ചിന്ത. അയാളുടെ കുടുംബം രാജ്യത്തിന്റെ മുഴുവന്‍ സ്വത്താണെന്ന കരുതല്‍. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ റഹ്മാനും ഭാര്യയും വഴി പിരിയുമ്പോള്‍ പൊട്ടിത്തകരുന്നത് ഇന്ത്യയിലെ അസംഖ്യം ആരാധകരുടെ മനസ്സുകൂടിയാണ്. പെട്ടെന്ന് വലിച്ചെറിയാന്‍ കഴിയുന്നതല്ല ദാമ്പത്യ ജീവിതമെന്ന് സമൂഹം പഠിക്കുന്നത്, ഇത്തരം വലിയ മനുഷ്യരുടെ ജീവിതം കണ്ടാണ്. ബോംബെ സിനിമയിലെ ഷൈലബാനുവും എ.ആര്‍. റഹ്മാന്റെ സൈറാബാനുവും ഒന്നായിരുന്നോ എന്നുപോലും ആരാധകര്‍ സംശയിച്ചു പോയിട്ടുണ്ട്.

ലോക പ്രശസ്തരായ രണ്ടു വ്യക്തികളാണ് സച്ചിന്‍ തെണ്ടുല്‍ക്കറും എ.ആര്‍. റഹ്മാനും. ഇരുവരും വളരെ സൗമ്യരുമാണ്. ഒരാള്‍ പാട്ടിന്റെ സംഗീത വഴിയിലൂടെയും മറ്റൊരാള്‍ ക്രിക്കറ്റിന്റെ വഴിയിലൂടെയുമാണ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്. ഇരുവരുടെയും ജീവിതവും, വ്യക്തി ജീവിതവുമെല്ലാം ആരാധകര്‍ക്ക് റോള്‍ മോഡലുകളാണ്. അതുകൊണ്ടുതന്നെ എന്തും സംഭവിച്ചാലും അത് ആരാധകരെ വല്ലാതെ വിഷമിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. എ.ആര്‍. റഹ്മാന്റെ ജീവിതത്തിലെ താളം തെറ്റിയത് അതുപോലെയൊരു സംഭവമാണ്. ഇത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 29 വര്‍ഷം നീണ്ട് നിന്ന വിവാഹ ജീവിതമാണ് എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും അവസാനിപ്പിച്ചത്.

സൈറ ബാനുവിന്റെ അഭിഭാഷകയാണ് ആദ്യം പ്രസ്താവന പുറത്ത് വിട്ടത്. പിന്നാലെ എആര്‍ റഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. 1995ലാണ് സൈറ ബാനുവും എ.ആര്‍ റഹ്മാനും വിവാഹിതരായത്. 57-ാം വയസില്‍ എആര്‍ റഹ്മാന്‍ വിവാഹ ബന്ധം പിരിയുന്നു. എന്നാല്‍, എആര്‍ റഹ്മാന്റെ തീരുമാനം പല തരത്തില്‍ സമൂഹത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

റഹ്മാന്റെയും ഭാര്യയുടെയും തീരുമാനം സമൂഹത്തെ മോശമായി സ്വാധീനിക്കും ?

എആര്‍ റഹ്മാന്റെ തീരുമാനം പല തരത്തില്‍ സമൂഹത്തെ ബാധിക്കുമെന്നാണ് വിലയിരുത്തലാണ് വരുന്നത്. ഇണയുമായി ഒന്നിച്ച് പോകാനാകുന്നില്ലെങ്കില്‍ പുറത്ത് പറയാതെ മാറി നില്‍ക്കാമായിരുന്നു എന്നും അബിപ്രായമണ്ട്. മകളുടെ കല്യാണം നടത്തി. തങ്ങളുടെ കടമകളെല്ലാം ചെയ്തു. പരസ്പരം പ്രശ്‌നമുണ്ടെന്ന് അകന്ന് കഴിയാം. ഇത് പുറത്ത് പറയേണ്ട ആവശ്യം ഇല്ല. ഇന്നത്തെ തലമുറയ്ക്ക് വിവാഹ ജീവിതത്തോട് താല്‍പര്യമില്ല. പെട്ടെന്ന് വിവാഹം ചെയ്ത് പെട്ടെന്ന് തന്നെ വേര്‍പിരിയുന്നു. കുടുംബ കോടതിയില്‍ ദിനംപ്രതി വരുന്ന കേസുകളുടെ എണ്ണം പെരുകുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ പുതുതലമുറയ്ക്ക് വിവാഹ ജീവിതത്തെക്കുറിച്ച് വിശ്വാസം പകര്‍ന്ന് നല്‍കേണ്ടവരാണ് ഇവരെല്ലാം.

എആര്‍ റഹ്മാന്റെ തീരുമാനം ഭാവി സമൂഹത്തെ മോശമായി സ്വാധീനിക്കുമെന്നുറപ്പാണ്. എആര്‍ റഹ്മാന്‍ പൂര്‍ണമായും സംഗീതത്തിലേക്ക് തന്റെ ജീവിതം അര്‍പ്പിക്കാനാണ് ഈ തീരുമാനമെന്നാണ് സൂചന. അതിനായി വലിയൊരു സ്റ്റുഡിയോ പണിതിട്ടുണ്ട്. വിദേശത്തുള്ളത് പോലെ ഹൈ ടെക് സൗകര്യമുള്ള സ്റ്റുഡിയോ. തുടരെ വലിയ തിരക്കുകളിലേക്ക് കടക്കുന്നു. വീട്ടില്‍ ഫോണ്‍ ചെയ്താല്‍ എന്താണെന്ന് ചോദിക്കാന്‍ പോലും പറ്റാത്ത തിരക്കിലായിക്കഴിഞ്ഞു റഹ്മാന്റെ ജീവിതം. ഇത് വിവാഹ ജീവിതത്തെ ബാധിച്ചു. വലിയ ബംഗ്ലാവ്. കിച്ചണില്‍ നിന്ന് ഹാളിലേക്ക് നാല് കിലോ മീറ്റര്‍ ദൂരമുണ്ടെങ്കില്‍ ആ വീട്ടിലുള്ള എല്ലാവരും അവരവരുടെ റൂമിലായിരിക്കും.

പരസ്പരമുള്ള സംസാരം കുറയും. ആഡംബര ജീവിതം നയിക്കുന്ന പലരുടെയും പ്രശ്‌നം ഇതാണ്. കുടുംബത്തോടൊപ്പമിരുന്ന് സംസാരിക്കാതാകുമ്പോള്‍ വിരക്തി തോന്നും. റഹ്മാന്‍ ഇനിയും കരിയറില്‍ ഉയര്‍ച്ചയ്ക്ക് വേണ്ടി ഓടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അതേസമയം ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയേക്കുമെന്നും വിശ്വസിക്കുന്നവരുണ്ട്. ദീജ റഹ്മാന്‍, എആര്‍ അമീന്‍, റഹീമ റഹ്മാന്‍ എന്നീ മൂന്ന് മക്കളാണ് എആര്‍ റഹ്മാനും സൈറ ബാനുവിനുമുള്ളത്. മൂത്ത മകള്‍ ഖദീജ വിവാഹിതയാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ഖദീജയും സംഗീത ലോകത്തേക്ക് കടന്ന് വന്നു. തമിഴകത്ത് അറിയപ്പെടുന്ന ഗായികയും സംഗീത സംവിധായികയുമാണ് ഖദീജ.

റഹ്മാന്റെ ട്രൂപ്പിലുള്ള പ്രധാന അംഗവും വിവാഹ മോചനം പ്രഖ്യാപിച്ചു ?

ഭാര്യ സൈറ ബാനുവില്‍ നിന്ന് വേര്‍പിരിയുന്നതായി എആര്‍ റഹ്മാന്‍ പ്രഖ്യാപിച്ചതിനു മണിക്കൂറുകള്‍ക്കുള്ളില്‍ റഹ്മാന്റെ ട്രൂപ്പിലെ ഒരു പ്രധാന അംഗവും തന്റെ വിവാഹമോചനം പ്രഖ്യാപിച്ചു. റഹ്മാന്‍ ഗ്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് ഭര്‍ത്താവ് സാക്‌സോഫോണിസ്റ്റ് മാര്‍ക്ക് ഹാര്‍ട്ട്സച്ചില്‍ നിന്ന് വിവാഹമോചിതയാവുന്നു എന്നു പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംയുക്ത പ്രസ്താവനയില്‍ ആണ് മോഹിനിയും മാര്‍ക്കും ഇക്കാര്യം വെളിപ്പെടുത്തിയത്.

”പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ആരാധകരെ, അനുയായികളേ, കനത്ത ഹൃദയത്തോടെ, മാര്‍ക്കും ഞാനും ഞങ്ങള്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിക്കുന്നു. ആദ്യം, ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത എന്ന നിലയില്‍, ഇത് ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമ്പോള്‍, ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേര്‍പിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു.’

വ്യക്തിപരമായി വേര്‍പിരിഞ്ഞെങ്കിലും ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും പറയുന്നു. ”ഞങ്ങള്‍ ഇനിയും MaMoGi, മോഹിനി ഡേ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരവധി പ്രോജക്ടുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഒരുമിച്ച് നന്നായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും അഭിമാനിക്കുന്നു. അത് ഉടന്‍ അവസാനിക്കില്ല. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിധിപ്രസ്താവങ്ങള്‍ ഒഴിവാക്കണമെന്നും ദമ്പതികള്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ”നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി നിന്നുകൊണ്ടും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടും ഞങ്ങള്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കുക. വിധികളെ ഞങ്ങള്‍ വിലമതിക്കില്ല.”

സംഗീത പ്രതിഭയായി ഏറെ ആഘോഷിക്കപ്പെട്ട കലാകാരിയാണ് മോഹിനി ഡേ. 11 വയസ്സുള്ളപ്പോഴാണ് മോഹിനിയുടെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്. ജാസ് മാസ്‌ട്രോ ലൂയിസ് ബാങ്ക്‌സിന്റെ ശിഷ്യയായ മോഹിനി സംഗീത ലോകത്തെ ഒരു പ്രധാന വ്യക്തിത്വമായി മാറി. ഗാന്‍ ബംഗ്ലായുടെ വിന്‍ഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ തുടങ്ങിയ പ്രോജക്ടുകളിലെ പ്രവര്‍ത്തനമാണ് മോഹിനിയെ ശ്രദ്ധേയയാക്കിയത്. വര്‍ഷങ്ങളായി എആര്‍ റഹ്മാനുമായി സഹകരിച്ചു വരുന്നു. സക്കീര്‍ ഹുസൈന്‍, ശിവമണി, സ്റ്റീവ് വായ്, മാര്‍ക്കോ മിന്നെമാന്‍ തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പവും മോഹിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS; Song of Sweet Lost Life: AR Rahman bids farewell to his wife Saira Banu; The decision will have a negative impact on society: fans are deeply saddened