Celebrities

ജയന്റെ കാർബൺ കോപ്പി തന്നെ ; ബയോപിക് ചെയ്യുന്നുണ്ടെങ്കിൽ കാർത്തി അഭിനയിക്കട്ടെയെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ സൂപ്പർതാരം ആയിരുന്നു ജയൻ. സാഹസിക രംഗങ്ങളില്‍ തിളങ്ങിയ, പൗരുഷമുളള സ്വരവും ആകാര ഭം​ഗിയുമുള്ള നിരവധി ആരാധകരുള്ള ഒരു ഹീറോ. സാഹസിക രംഗങ്ങളിൽ തിളങ്ങി നിന്ന് അനേകം കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് വിസ്മയം തീർത്ത ജയന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ഒഴിഞ്ഞ താരസിംഹാസനം പിന്നീടിതേവരെ ആരും കയ്യടക്കിയിട്ടില്ല. ഇപ്പോൾ ജയനും തമിഴ് നടൻ കാർത്തിക്കും വലിയ സാമ്യം ഉണ്ടെന്നാണ് സോഷ്യൽമീഡിയ ചർച്ചകൾ. ജയന്റെ ബയോപിക് ആരെങ്കിലും ചെയ്യുകയാണ് എങ്കിൽ അതിന് ഏറ്റവും ഉചിതം കാർത്തി തന്നെ ആണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ജയന്റെ ആ ചിരിയും നോട്ടവും അതുപോലെ തന്നെയാണ് , പുരികവും ഏകദേശം  പെർഫെക്റ്റ് ആണ് കാർത്തിക്ക് എന്നൊക്കെയാണ് പ്രതികരങ്ങൾ. മിമിക്രിക്കാർ ഗോഷ്ടി കാണിക്കുന്നതല്ല ജയന്റെ ബോഡി ലാംഗ്വേജ് എന്ന വിമർശനം പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. ആ ശരീരഭാഷ കൂടി അതുപോലെ പകർത്തിയാൽ കാർത്തി കറക്റ്റ് ജയൻ ആകും എന്നാണ് പ്രേക്ഷക പ്രതികരണം.

തമിഴ് നടൻ ശിവകുമാറിന്റെ മകനും സൂര്യയുടെ സഹോദരനുമാണ് കാർത്തി ശിവകുമാർ. 2007ൽ പരുത്തിവീരൻ ചിത്രത്തിലൂടെയാണ് കാർത്തി നായകനായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അതിനുശേഷം പയ്യ, പൊന്നിയിൻ സെൽവൻ, വിക്രം, കൈതി, മെയ്യഴകൻ തുടങ്ങി പല ഹിറ്റ് ചിത്രങ്ങളുടെയും ഭാ​ഗമായി.

നിലവിൽ ജയന്റെ ബയോപിക് ചെയ്യുന്നതുമായി സിനിമാ മേഖലയിൽ വലിയ ചർച്ചകൾ ഒന്നും നടക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ അതുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകളാണ്. ആര് അഭിനയിക്കണം, എങ്ങനെ അഭിനയിക്കണം തുടങ്ങിയ രീതിയിൽ. ജയൻ മരിച്ച് വർഷങ്ങൾ ഇത്രയും പിന്നിട്ടിട്ടും ചെയ്തുവെച്ച കഥാപാത്രങ്ങളും അഭിനയത്തിൽ കാണിച്ച ആത്മാർഥതയും കൊണ്ടുതന്നെ1970കളുടെ അന്ത്യത്തിൽ ഉണ്ടായ ജയൻ തരം​ഗത്തിന്റെ ഒരംശം ഇപ്പോഴും ഉണ്ടെന്നതിൽ സംശമില്ല.