നടൻ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ ഇരുവരും തീരുമാനം പിൻവലിച്ചെന്നും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുമുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഒന്നിച്ചു ജീവിക്കുന്നില്ലെന്ന് ഇരുവരും ചെന്നൈ കുടുംബ കോടതിയെ അറിയച്ചതായാണ് ഏറ്റയും പുതിയ വിവരം. ഇതനുസരിച്ച് ഇരുവരും സമർപ്പിച്ച വിവാഹമോചനക്കേസിൽ നവംബർ 27ന് കോടതി വിധി പറയും. ഇതിന് മുമ്പ് നടന്ന മൂന്ന് ഹിയറിങ്ങുകൾക്കും ഇരുവരും കോടതിയിൽ ഹാജരായിരുന്നില്ല. അതിന് പിന്നാലെയാണ് വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയെന്നും രജനീകാന്ത് ഇടപെട്ട് ധനുഷിനെയും ഐശ്വര്യയെയും അനുനയിപ്പിച്ചെന്നുമുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ ഈ വാർത്തകളിൽ കഴമ്പില്ലാന്നാണ് വ്യക്തമാകുന്നത്.
2004 നവംബർ 18നായിരുന്നു ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേതും. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്‍റ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ധനുഷ് ഐശ്വര്യയെ വിവാഹം ചെയ്ത ശേഷം സിനിമാ ജീവിതത്തിലും വലിയ വളർച്ചയാണ് ധനുഷിന് ഉണ്ടായത്. സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, നിർമാതാവ് തുടങ്ങി കൈവെച്ച എല്ലാ മേഖലകളിലും ധനുഷ് വിജയം നേടി. ഇതിനിടയിൽ ഇരുവർക്കും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായുള്ള റിപ്പോർട്ടുകൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.
18 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുവെന്ന് 2022ൽ സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ഐശ്വര്യ ധനുഷ് എന്ന പേര് നീക്കി സോഷ്യൽമീഡിയ അക്കൗണ്ടുകളിലെല്ലാം ഐശ്വര്യ രജനീകാന്ത് എന്ന പേര് തന്നെ വെക്കുകയായിരുന്നു. വിവാഹമോചനം പ്രഖ്യാപിച്ച ശേഷവും പല വേദികളിലും മക്കളുടെ ആഗ്രഹ പ്രകാരം ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. യാത്ര, ലിങ്ക എന്നിവരാണ് മക്കൾ.
ഇപ്പോൾ തമിഴകത്തെ മികച്ച താരമാണ് ധനുഷ്. അടുത്തിടെയായി നയൻതാരയുടെ ഡോക്യുമെന്ററിയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പെട്ടെങ്കിലും ധനുഷിന്റെ താരമൂല്യത്തെ അത് ബാധിച്ചിട്ടില്ല. ധനുഷിനെ പിന്തുണച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഐശ്വര്യ രജനീകാന്തും സംവിധാനവും നിർമാണവുമൊക്കെയായി സിനിമാ രംഗത്ത് സജീവമാകാനുള്ള ശ്രമങ്ങളിലാണ്. രജനീകാന്തിനെ പ്രധാനവേഷത്തിൽ എത്തച്ച് എടുത്ത ‘ലാൽ സലാം’ ആയിരുന്നു ഐശ്വര്യയുടെ ഒടുവിലത്തെ സംവിധാനം. അതൊരു വൻ പരാജയ ചിത്രമായിരുന്നു.