Movie News

ചരിത്രം സൃഷ്ടിക്കാൻ വിജയ്സേതുപതി ചിത്രം ! ചൈനയിൽ 4000 സ്ക്രീനുകളിൽ പ്രദർശനം

വിജയ്സേതുപതിയുടെ അതി​ഗംഭീര പെര്‍ഫോമന്‍സിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത് വമ്പൻ ഹിറ്റായ ചിത്രമാണ് മഹാരാജ. നിതിലന്‍ സ്വാമിനാഥന്‍ ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വിജയ് സേതുപതിയുടെ കരിയറിലെ തന്നെ ആദ്യ 100 കോടി ചിത്രമായിരുന്നു മഹാരാജ. ഈ വമ്പൻ വിജയത്തിന് പിന്നാലെ ചൈനയിലും മഹാരാജ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. നവംബർ 29ന് ചൈനയിലെ തിയേറ്ററുകളിൽ മഹാരാജ എത്തും. 4000 സ്ക്രീനുകളിൽ ആയിരിക്കും ഈ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 18ന് നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രം തായ്‌വാനിൽ ടോപ് ടെൻ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. തുടർച്ചയായ ആറാഴ്ചകളിൽ മഹാരാജ സ്ഥാനം നിലനിർത്തിയിരുന്നു. ചിത്രത്തിന്റെ കഥയും വിജയ് സേതുപതിയുടെ അഭിനയവും അനുരാഗ് കശ്യപിന്റെ വില്ലന്‍ വേഷവും എല്ലാം തായ്‌വാനീസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ചയായിരുന്നു.

2017-ൽ പുറത്തിറങ്ങിയ ‘കുരങ്ങു ബൊമ്മൈ’ എന്ന സിനിമയ്ക്ക് ശേഷം നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. ആദ്യം വിജയ് സേതുപതിയെ ആയിരുന്നില്ല ചിത്രത്തിലേക്ക് നായകനായി കരുതിയിരുന്നത്. പലരിലേക്കും കഥകൾ എത്തിയെങ്കിലും ഒടുവിൽ വിജയ് സേതുപതി നായകനാവുകയായിരുന്നു. നായകനായി മികച്ച പെർഫോർമൻസും കാഴ്ചവെച്ചു. പാഷൻ സ്റ്റുഡിയോയും ദി റൂട്ടും തിങ്ക് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരോടൊപ്പം അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

മഹാരാജ സൂപ്പർ ഹിറ്റായതിന് ശേഷം നിതിലന്‍ സ്വാമിനാഥന്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചും ചർച്ചകൾ നടക്കുകയാണ്. മഹാറാണി എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിൽ നയൻതാര ആയിരിക്കും നായിക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.