Movie News

‘കടുവായേ കിടുവ പിടിക്കുന്നേ… അല്ല ആദ്യം തീരുമാനിച്ചത് മറ്റൊരു പാട്ട്, പിന്നെ അതു മാറ്റി’ : ഇന്ദ്രജിത്ത്

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും, ഇന്ദ്രജിത്തും, ജയസൂര്യയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ചിത്രത്തിൽ ഏറെ ചിരിപ്പിച്ച ഒരു രം​ഗമായിരുന്നു ഇന്ദ്രജിത്തിന്റെ ‘കടുവായേ കിടുവ പിടിക്കുന്നേ… ഹബ്ബ ബ്ബോ…’ എന്ന പാട്ട്. എന്നാൽ ആദ്യം ആ രം​ഗത്തിന് വേണ്ടി തിരഞ്ഞെടുത്ത ​ഗാനം മറ്റൊന്നായിരുന്നു എന്നാണ് താരം പറയുന്നത്. ‘ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ’ എന്ന ​ഗാനമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ആ സമയത്ത് തന്നെ ആ ​ഗാനം മറ്റൊരു സിനിമയിൽ വന്നെന്നും അതുകൊണ്ടാണ് അത് മാറ്റിയതെന്നും താരം പറയുന്നു. ഈ പാട്ട് പ്രേക്ഷകരിൽ തിയേറ്ററുകളിൽ പൊട്ടിച്ചിരി പടർത്തിയിരുന്നുവെന്നും ഇന്ദ്രജിത്ത് സുകുമാരൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

നാദിർഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അമർ അക്ബർ അന്തോണി. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നായിരുന്നു അമർ അക്ബർ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്. 2015ൽ പുറത്തിറങ്ങിയ ചിത്രം അന്ന് വലിയ ഹിറ്റായിരുന്നു. തമാശ കൊണ്ട് മാത്രമല്ല ചിത്രം പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട് ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ഒരു പ്രദേശത്ത് താമസിക്കുന്ന മൂന്ന് അവിവാഹിതരായ സുഹൃത്തുക്കളായാണ് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർ. ആഡംബര ജീവിതം നയിക്കുക, പട്ടായ സന്ദർശിക്കുക തുടങ്ങിയവയാണ് അവരുടെ ലക്ഷ്യം. ഇവരെ ചുറ്റിപ്പറ്റിയും അവർക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതവുമാണ് ചിത്രത്തിന്റെ കഥ. അമ്പത് കോടി ക്ലബിൽ ചിത്രം ഇടംപിടിച്ചിരുന്നു.