Celebrities

ഐശ്വര്യ-അഭിഷേക് വേര്‍പിരിയല്‍ : പ്രതികരണവുമായി ബിഗ്ബി

അമിതാബ് ബച്ചന്‍ തന്നെ തന്റെ പേഴ്സണല്‍ ബ്ലോഗിലൂടെ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്

ബോളിവുഡ് താരദമ്പതികളായ ഐശ്വര്യറായ് ബച്ചന്റേയും അഭിഷേക് ബച്ചന്റേയും വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. കഴിഞ്ഞ ജൂലായ് മാസത്തില്‍ നടന്ന അംബാനി കുടുംബത്തിലെ വിവാഹത്തില്‍ ഇരുവരും വെവ്വേറെ വന്നതോടെ ഈ ഊഹാപോഹം ശക്തമാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളില്‍ ദമ്പതികളെ ഒരുമിച്ച് കാണാതിരുന്നതും ആരാധകര്‍ ഇരുവരും പിരിഞ്ഞോയെന്നുള്ള ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ, അപ്പോഴൊന്നും ഇതില്‍ പ്രതികരിക്കാന്‍ കുടംബം തയ്യാറായിരുന്നില്ല. ഒടുവില്‍, അമിതാബ് ബച്ചന്‍ തന്നെ തന്റെ പേഴ്സണല്‍ ബ്ലോഗിലൂടെ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തുകൊണ്ടാണ് ബച്ചന്‍ വിശദീകരണം നല്‍കുന്നത്.

താന്‍ ഒരുകാലത്തും കുടുംബത്തേക്കുറിച്ച് ഏറെ സംസാരിച്ചിട്ടില്ല. കാരണം, അതെന്റെ സ്വകാര്യതയാണ്. അതുകൊണ്ടുതന്നെ അതിന്റെ രഹസ്യാത്മകത എനിക്ക് നിര്‍ബന്ധമാണ്. ഊഹാപോഹങ്ങളെല്ലാം അങ്ങനെ അവശേഷിക്കും. അസത്യമാണ് പ്രചരിക്കുന്നത്. ഒരുറപ്പുമില്ലാത്ത കാര്യങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല. ചോദ്യചിഹ്നമിട്ടുകൊണ്ടുള്ള വിവരങ്ങളാണ് പലരും പുറത്തുവിടുന്നതെന്നും ബിഗ് ബി പറഞ്ഞു.

എന്തുവേണമെങ്കിലും പ്രചരിപ്പിക്കാം. പക്ഷെ, ഇത് ചോദ്യചിഹ്നത്തോടൊപ്പമാവുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് കൂടുതല്‍ എരിവും പുളിയുമുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത് എങ്ങനെയാണ് ഇതില്‍ ബന്ധപ്പെട്ടിരിക്കുന്നവരെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും അമിതാബ് ബച്ചന്‍ പറഞ്ഞു.