ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ‘അമരൻ’ തിയേറ്ററുകളിൽ വൻ ഹിറ്റായി പ്രദർശനം നടക്കുകയാണ്. റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ചിത്രം. ഇപ്പോൾ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ഫോൺ നമ്പർ വിവാദം നടക്കുകയാണ്. സിനിമയിൽ സായ് പല്ലവിയുടെ കഥാപാത്രമായ ഇന്ദു റബേക്ക വർഗീസ് ഉപയോഗിക്കുന്ന ഒരു മൊബൈൽ നമ്പർ കാണിക്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി മാത്രം ഒരു നമ്പർ ഉപയോഗിച്ചതാണെങ്കിലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഇത് യാഥാർഥത്തിൽ സായ് പല്ലവിയുടേതാണോ എന്ന് അറിയാൻ ട്രൈ ചെയ്തു നോക്കി. ഇതാണിപ്പോൾ ചെന്നൈയിലെ ഒരു വിദ്യാർഥിക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും വിനയായിരിക്കുന്നത്. നമ്പറിന്റെ യഥാർഥ ഉടമയ്ക്ക് ഇപ്പോൾ കോളുകൾ കൊണ്ട് ശല്യമാണെന്നാണ് പരാതി. ചെന്നൈ വിദ്യാർഥിയായ വി.വി.വാഗീശന് ‘അമരൻ’ ഇറങ്ങിയത് മുതൽ ഫോൺ കയ്യിൽ നിന്ന് താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല. കോളുകളുടെ എണ്ണം വർധിച്ചത് മൂലം ഫോൺ മ്യൂട്ട് ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും വിദ്യാർത്ഥി പറയുന്നു. ഇതിന് പുറമെ ആരോ, ഇന്ദു റെബേക്ക വര്‍ഗീസ് എന്ന് ട്രൂ കോളറിൽ വാഗീശന്റെ നമ്പർ സേവും ചെയ്തു. ഇതോടെ വിദേശത്ത് നിന്നുപോലും കോളുകളും മെസേജുകളും വരാൻ തുടങ്ങി. ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള നമ്പർ ആയതിനാൽ അത് ഉപേക്ഷിക്കാനും കഴിയാത്ത അവസ്ഥയിലാണ് വാഗീശൻ. പൊറുതിമുട്ടി ഒടുവിൽ വിദ്യാർഥി ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ്. തന്റെ പേഴ്സൺ നമ്പർ സിനിമയിൽ ഉപയോഗിച്ചതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റാത്ത രീതിയിൽ നിരവധി കോളുകളാണ് വരുന്നതെന്നും നഷ്ടപരിഹാരമായി 1.1 കോടി രൂപ നൽകണമെന്നും എഞ്ചിനിയറിങ്ങ് വിദ്യാർഥിയായ വാഗീശൻ പരാതിപ്പെട്ടു.
നിയമനടപടിയിലേക്ക് കടക്കാതെ തന്നെ പ്രശ്നം പരിഹരിക്കാൻ വാഗീശൻ ശ്രമിച്ചിരുന്നു. തന്റെ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സംവിധായകനെയും ശിവകാര്‍ത്തികേയനെയും അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അവരിൽ നിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. ആ ശ്രമം പരാജയപ്പെട്ടപ്പോൾ സേവനദാതാക്കളായ എയര്‍ ടെല്ലിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ മാർക്കറ്റിങ് കോളുകൾ മാത്രമേ ബ്ലോക്ക് ചെയ്യാൻ കഴിയുകയുള്ളൂ എന്നും മറ്റ് ഇൻകമിങ് കോളുകൾ ബ്ലോക്ക് ചെയ്യാൻ സാധില്ലെന്നുമായിരുന്നു അവരുടെ മറുപടി. ഇതിന് പിന്നാലെയാണ് വിദ്യാർഥി പരാതി നൽകിയത്.