പല നിറത്തിൽ പലരൂപത്തിൽ നിരവധി കമ്പനികളുടെ ലിപ്സ്റ്റിക്കുകൾ ഇന്ന് വിപണിയിൽ സജീവമാണ്. ക്രീം പരുവത്തിലും ലിക്യുഡ് രൂപത്തിലും എല്ലാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണ് നമ്മൾ. ലിപ്സ്റ്റിക് ഇല്ലാതെ പുറത്തുപോകാൻ തന്നെ മടിക്കുന്നവരും ഉണ്ട്. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നില്ലെങ്കിൽ താൻ പഴഞ്ചനാണെന്ന തോന്നൽ ഉണ്ടാകുന്ന കൂട്ടക്കാരും കുറവല്ല. ഫോർമാൽഡിഹൈഡ്, പരാബെൻ തുടങ്ങിയവ ലിപ്സ്റ്റിക്കിനെ കൂടുതൽ കാലം കേടുകൂടാതിരിക്കാൻ സഹായിക്കുന്ന വസ്തുക്കളാണ്. അതിനാൽ പതിവായ ലിപ്സ്റ്റിക്ക് ഉപയോഗം അനാരോഗ്യകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ ചേർക്കുന്ന മെർക്കുറിയും ആരോഗ്യത്തിന് വലിയ രീതിയിൽ അപകടമുണ്ടാക്കും. നമ്മള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിന്റെ പകുതിയും പോകുന്നത് വയറിലേക്കാണ്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും എല്ലാം പലപ്പോഴായി നമ്മൾ ചുണ്ടുകള്‍ നനയ്ക്കാറുണ്ട്. ഇങ്ങനെ ഓരോവട്ടം ചെയ്യുമ്പോഴും ചുണ്ടിലെ ലിപ്സ്റ്റിക് പതിയെ നമ്മുടെ ഉള്ളിലെത്തുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവ ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെറ്റലുകളാണ്. ഇവ നമ്മുടെ ഉദരത്തിലെ അമ്ലങ്ങളുമായി ചേരുമ്പോള്‍ മാരകവിഷമായി മാറുന്നു. അതായത് ലിപ്സ്റ്റിക് നമ്മളെ ഇഞ്ചിഞ്ചായി കൊല്ലുന്നു എന്നതാണ് സത്യം. ലിപ്സ്റ്റിക് പോലെ തന്നെ നമ്മൾ ഉപയോഗിക്കുന്ന ലിപ്‌ഗ്ലോസുകളും ലിപ് ലൈനറുകളുമെല്ലാം ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാഡ്മിയം, അലുമിനിയം, ക്രോമിയം, ലെഡ് തുടങ്ങിയവയെല്ലാം ഇവയിലും അടങ്ങിയിട്ടുണ്ട്. ശ്രദ്ധയില്ലാത്തതും സ്ഥിരമായതുമായ ഉപയോഗം ഈ കെമിക്കലുകൾ നേരിട്ട് വയറ്റിലെത്തുന്നതിനും അതുവഴി മാരക രോഗങ്ങൾക്കും വഴിവെക്കും.
ലിപ്സ്റ്റിക് ഉപയോഗിക്കുകയും വേണം എന്നാൽ ദോഷമുണ്ടാകാനും പാടില്ല എന്നാണെങ്കിൽ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ചിലതുണ്ട്. ഡാർക്ക് ഷേഡുകളിൽ ഉള്ള ലിപ്സ്റ്റിക്കുകളിൽ ലോഹങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ലൈറ്റ് ഷേഡുകൾ തിരഞ്ഞെടുക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ചുണ്ടുകൾ സ്ക്രബ് ചെയ്യുക. വിശേഷഘട്ടങ്ങളിൽ മാത്രമായി ഉപയോഗം ചുരുക്കാൻ ശ്രമിക്കുക. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും മുമ്പായി ഇവ റിമൂവ് ചെയ്യാൻ ശ്രമിക്കുക. വില കുറഞ്ഞ നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ബീ വാക്സ്, കൊക്കോ ബട്ടർ, ബീറ്റ്റൂട്ട് പൗഡർ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.