നയൻതാരയുടെ വിവാദമായ വിവാഹ ഡോക്യുമെന്ററി ബിയോണ്ട് ദ് ഫെയറി ടെയ്‌ലിൽ ഉപയോഗിക്കാൻ ദൃശ്യങ്ങൾ നൽകാത്ത ധനുഷിനെതിരെ താരം വലിയ രീതിയിൽ വിമർശനം ഉന്നയിച്ച് സോഷ്യൽമീഡിയ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെ ധനുഷിന് ഒപ്പം അഭിനയിച്ചിട്ടും ധനുഷിനെ പിന്തുണയ്ക്കാതെ നയൻതാരയ്ക്ക് ഒപ്പം നിന്ന വ്യക്തിയാണ് പാർവതി തിരുവോത്ത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിയൻതാരയെ പിന്തുണക്കാനുണ്ടായ കാരണം തറുന്ന് പറയുകയാണ് പാർവതി. ഒരു നിലപാട് എടുക്കുമ്പോൾ ചുറ്റുമുള്ളവരുടെ പിന്തുണ ലഭിക്കാതെ ഇരിക്കുന്ന അവസ്ഥ വലിയ രീതിയിൽ നമ്മെ തകർക്കും. അതിന്റെ ബുദ്ധിമുട്ട് താൻ അറിഞ്ഞിട്ടുണ്ടെന്നും അതിനാൽ നയൻതാരയ്ക്ക് ഒപ്പം നിന്നു എന്നുമാണ് പാർവതി പറയുന്നത്. ലേഡി സൂപ്പർസ്റ്റാർ എന്ന് എല്ലാവരും വിളിക്കുന്ന ഒരു താരം, കഷ്ടപ്പെട്ട് സിനിമയിൽ വന്ന ഒരാൾ ഇത്തരത്തിൽ തുറന്ന കത്തിലൂടെ ഒരു നടനെതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യം ഇല്ലല്ലോ, പിന്തുണ നൽകണോ എന്ന് അധികം ആലോചിക്കേണ്ടി വന്നില്ലെന്നും താരം പറയുന്നു. അത് യഥാർഥ പ്രശ്നമാണെന്ന് മനസിലായതുകൊണ്ടാണ് പിന്തുണച്ചതെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.
ഒരു മാറ്റത്തിനായോ തന്‍റെ അവകാശങ്ങള്‍ക്കായോ ആര് സംസാരിക്കുകയാണെങ്കിലും അവരെ പലരും ഒറ്റപ്പെടുത്തും. ഈ വിഷയത്തിൽ പലർക്കും നയൻതാരയെ പിന്തുണക്കാൻ കഴിയില്ലായിരിക്കും. പക്ഷെ തന്റെ പിന്തുണ എന്തായാലും ഉണ്ടെന്നും പ്രത്യേകിച്ച് അവർ ഒരു സ്ത്രീയായതുകൊണ്ട് അവർക്കൊപ്പം നിലകൊള്ളുമെന്നും പാർവതി തുറന്നുപറയുന്നു.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി തേടിയെങ്കിലും ധനുഷ് നൽകിയിരുന്നില്ല. പിന്നീട് സിനിമയിലെ മൂന്ന് സെക്കൻഡ് ബി.ടി.എസ് രംഗം ഉപയോഗിച്ചതിന്റെ പേരിൽ ധനുഷ് 10 കോടി നഷ്ടപരിഹാരം അവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നയൻതാര ഇൻസ്റ്റഗ്രാമിൽ ഡോക്യുമെന്ററി റിലീസ് വൈകാനുള്ള കാരണം ധനുഷാണെന്ന് കാണിച്ച് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് തുറന്ന കത്ത് പങ്കുവച്ചു. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ ഇരുവർക്കും പിന്തുണ നൽകി നിരവധി പേർ രംഗത്ത് എത്തിയിരുന്നു.