Celebrities

‘എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്’ റഹ്മാന് നേരെയുള്ള അപവാദ പ്രചരണത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി മകന്‍

റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് ആയ മോഹിനി ഡേയുടെ വിവാഹമോചന വാര്‍ത്തകള്‍ കൂടി വന്നതോടെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു

29 വര്‍ഷത്തെ ദാമ്പത്യം ബന്ധം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവനും ആരാധകരെ അറിയിച്ചത്. റഹ്മാന്റെ ബാന്റിലെ ബാസിസ്റ്റ് ആയ മോഹിനി ഡേയുടെ വിവാഹമോചന വാര്‍ത്തകള്‍ കൂടി വന്നതോടെ പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. റഹ്മാന്റേയും സൈറയുടേയും വിവാഹമോചനത്തിന്റെ കാരണം മോഹിനി ഡേ ആണ് എന്നായിരുന്നു പ്രചരണം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി റഹ്മാന്റെ മകന്‍ എആര്‍ അമീന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അമീന്റെ പ്രതികരണം. അച്ഛനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കുറിപ്പ്. അച്ഛന്‍ ഒരു ഇതിഹാസമാണെന്നും അങ്ങനെയൊരാളെക്കുറിച്ച് സംസാരിക്കേണ്ടത് ആ ബഹുമാനം നല്‍കിയിട്ടാകണം എന്നുമാണ് അമീന്‍ കുറിച്ചത്.

‘എന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്. സംഗീതരംഗത്തിന് അദ്ദേഹം നല്‍കിയ അവിശ്വസനീയമായ സംഭാവനകള്‍ കൊണ്ടു മാത്രമല്ല, വര്‍ഷങ്ങളായി അദ്ദേഹം നിലനിര്‍ത്തുന്ന മൂല്യങ്ങളും ബഹുമാനവും സ്‌നേഹവും കൊണ്ടും അദ്ദേഹം ഇതിഹാസമാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ വളരെ നിരാശ തോന്നുന്നു. ഒരാളുടെ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ സത്യത്തിന്റെയും ബഹുമാനത്തിന്റെയും പ്രാധാന്യം നമുക്കെല്ലാവര്‍ക്കും ഓര്‍മിക്കാം. അത്തരം തെറ്റായ വിവരങ്ങളില്‍ ഏര്‍പ്പെടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കൂ. അദ്ദേഹത്തിന്റെ അന്തസ്സും നമ്മില്‍ എല്ലാവരിലും അദ്ദേഹം ചെലുത്തിയ അവിശ്വസനീയമായ സ്വാധീനവും നമുക്ക് ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’- എ ആര്‍ അമീന്‍ കുറിച്ചു.