Celebrities

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബു

പ്രമുഖ നടനില്‍ നിന്നാണ് ഖുശ്ബുവിന് മോശം അനുഭവമുണ്ടായത്

കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു. അന്താരാഷ്ട്ര ചലച്ചിത്ര വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. പ്രമുഖ നടനില്‍ നിന്നാണ് ഖുശ്ബുവിന് മോശം അനുഭവമുണ്ടായത്.

 

ഒരിക്കല്‍ ഒരു നായകന്‍ എന്റെ അടുത്തു വന്ന് ചോദിച്ചു, ആരും അറിയാതെ ഒരു ചാന്‍സ് തരുമോ എന്ന്. ഞാന്‍ ഉടനെ ചെരിപ്പ് കയ്യിലെടുത്തു. ഇവിടെവച്ച് തല്ലണോ ഇല്ലെങ്കില്‍ യൂണിറ്റിന്റെ മുന്നില്‍ വച്ച് തല്ലണോ എന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ പുതിയ ആളാണോ എന്നും എന്റെ കരിയറിന് എന്ത് സംഭവിക്കും എന്നൊന്നും ഞാന്‍ ഓര്‍ത്തില്ല. മറ്റെന്തിനേക്കാളും ഞാന്‍ എന്റെ അഭിമാനത്തിന് പ്രധാന്യം നല്‍കി. നിങ്ങള്‍ സ്വയം ബഹുമാനിക്കണം. എങ്കിലേ മറ്റാരെങ്കിലും നിങ്ങളെ ബഹുമാനിക്കൂ.- ഖുശ്ബു പറഞ്ഞു.

സമൂഹത്തിന്റെ ഏതു മേഖലയില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ ആക്രമമുണ്ടാവുമെന്നും അതിനെതിരെ ശക്തമായ പ്രതികരിക്കണം എന്നുമാണ് താരം പറഞ്ഞത്. സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് സിനിമ മേഖലയില്‍ മാത്രമല്ല എല്ലായിടത്തുമാണ്. ഷെയര്‍ ഓട്ടോയിലും ട്രെയിനിലും ഫ്‌ളൈറ്റിലും യാത്ര ചെയ്യുമ്പോഴും ഇത് സംഭവിക്കും. ഇത് എല്ലായിടത്തുമുണ്ട്. സിനിമയില്‍ മാത്രമല്ല. ആരെങ്കിലും മോശമായി പെരുമാറിയാല്‍ അതിനെതിരെ പ്രതികരിക്കണം.- ഖുശ്ബു പറഞ്ഞു.