Movie News

ഇനി അധികനാൾ കാത്തിരിക്കേണ്ട; അമരൻ ഒടിടി റിലീസിനെത്തുന്നു

ശിവകാർത്തികേയനെയും സായ് പല്ലവിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരൻ ഒടിടി റിലീസിനെത്തുന്നു. മേജര്‍ മുകുന്ദ് വരദരാജന്‍റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദീപാവലി റിലീസ് ആയി ഒക്ടോബർ 31നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ശിവകാർത്തികേയന്റെ കരിയറിലെ തന്നെ വമ്പൻ ഹിറ്റ് പടമാണ് അമരൻ. ചിത്രം പുറത്തിറങ്ങി ആഴ്ചകൾ പിന്നിടും മുമ്പ് തന്നെ 300 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് അമരൻ. റിലീസ് ദിനം ആദ്യ ഷോകള്‍ കഴിഞ്ഞപ്പോൾ തന്നെ മികച്ച ചിത്രമെന്ന് അഭിപ്രായം ഉയര്‍ന്നതോടെ ചിത്രം വലിയ ജനപ്രീതിയിലേക്ക് എത്തുകയായിരുന്നു. ശിവകാര്‍ത്തികേയന്‍റെ കരിയര്‍ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന ചിത്രമാണ് അമരന്‍ എന്നാണ് പ്രേക്ഷക പ്രതികരണം. ശിവകാര്‍ത്തികേയന്‍റെ വരാനിരിക്കുന്ന സിനിമാ തെര‍ഞ്ഞെടുപ്പുകളെ ഈ ചിത്രം സ്വാധീനിക്കും എന്നത് ഉറപ്പാണ്.

ഇപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ അഞ്ചിന് നെറ്റ്ഫ്ലിക്സിലാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുക. ആദ്യം മറ്റൊരി തീയതി പറഞ്ഞെങ്കിലും പിന്നീട് അമരൻ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായതോടെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് വൈകിപ്പിക്കുകയായിരുന്നു. ഈ വർഷത്തെ കോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയിലും അമരൻ ഒന്നാമത് എത്തിയിട്ടുണ്ട്. വിജയ് ചിത്രം ദി ഗോട്ടിനെ മറികടന്നാണ് അമരൻ ടിക്കറ്റ് വില്‍പനയില്‍ മുന്നിലെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ. വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ് തമിഴ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ മേജര്‍ മുകുന്ദ് ആയാണ് ശിവകാര്‍ത്തികേയന്‍ വേഷമിട്ടിരിക്കുന്നത്. ഭാര്യ ഇന്ദു റബേക്ക വർഗീസിന്റെ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചിരിക്കുന്നത്. ഭുവൻ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.