അൽപം മധുരം എവിടെയെങ്കിലും കളഞ്ഞുപോയാൽ വീടുകളിൽ കൂട്ടമായി ഓടിയെത്തുന്ന വലിയ ശല്യക്കാരനാണ് ഉറുമ്പുകൾ. ലോകത്ത് ഏകദേശം 12,000 വ്യത്യസ്ത തരം ഉറുമ്പ് വർഗങ്ങളുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതിൽ ഏത് വർഗത്തിൽപെട്ട ഉറുമ്പ് വീട്ടിൽ വന്നാലും നമുക്ക് അത് പ്രയാസമുണ്ടാക്കുമെന്നത് ഉറപ്പാണ്. ഇത്തരത്തിൽ വീടിനുള്ളിൽ കോളനികൾ സ്ഥാപിക്കുന്ന ഉറുമ്പുകളെ തുരത്തുക എളുപ്പമല്ല. എന്നാൽ ചില മാർഗങ്ങളുണ്ട് ഇവയുടെ ശല്യം ഒഴിവാക്കാൻ. വീടിനുള്ളിൽ ഉറുമ്പുകൾ ഉണ്ടാകുന്നത് ശുചിത്വമില്ലായ്മയുടെ ലക്ഷണമാണ്. ആദ്യം തന്നെ വീട് എപ്പോഴും വൃത്തിയായി വെക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാന കാര്യം. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാല്‍ അവിടെ ഉറുമ്പിനു അധികം തമ്പടിക്കാന്‍ സാധിക്കില്ല. ഉറുമ്പുകളെ അകറ്റാനുള്ള ഒരു ഫലപ്രദമായ പൊടിക്കൈയാണ് ചോക്ക് ഉപയോഗിക്കുക എന്നത്. ചോക്കിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറുമ്പുകളെ അകറ്റിനിർത്താൻ സഹായിക്കുന്നു. ഉറുമ്പിനെ വേരോടെ നശിപ്പിക്കാൻ കഴിയുന്ന മറ്റൊരു മാർഗമുണ്ട്. പക്ഷെ കുഞ്ഞുങ്ങൾ ഇല്ലാത്ത വീടുകളിൽ മാത്രം ഇത് പരീക്ഷിക്കുന്നതാകും നല്ലത്. ബോറിക്ക് ആസിഡ് , ഉറുമ്പുള്ള ഇടങ്ങളിൽ ഇത് വിതറിയാൽ പിന്നെ ഉറുമ്പിന്റെ പൊടിപോലും കാണില്ല.
അടുക്കളയിലുള്ള വസ്തുക്കൾ കൊണ്ടും ഉറുമ്പിനെ തുരത്താം. വിനാഗിരി, നാരങ്ങ, ഓറഞ്ച് എന്നിവയുടെ ഉപയോഗം ഇതിന് സഹായം ചെയ്യും. ഉറുമ്പുകൾ വരുന്ന സ്ഥലങ്ങളിൽ നാരങ്ങാനീര് ഒഴിക്കുകയോ അല്ലെങ്കിൽ നാരങ്ങയുടെ തൊലികൾ വയ്ക്കുകയോ ചെയ്യുക. ഓറഞ്ച് തൊലി ചതച്ച് ടുക്കള സ്ലാബിലോ ഉറുമ്പുകൾ വരുന്ന സ്ഥലത്തോ വക്കുക. വിനാഗിരിയും വെള്ളവും തുല്യ അളവിൽ എടുത്ത് മിശ്രതം തയ്യാറാക്കി സ്പ്രേ ചെയ്യുന്നതും ഉറമ്പുകളെ അകറ്റും. ഉറുമ്പിനെ ഓടിക്കാന്‍ കുരുമുളക് അടിപൊളി ആണ്. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുരുമുളക് പൊടി വിതറാം. എന്നാൽ ശ്വാസംമുട്ട് ഉള്ളവരോ തുമ്മൽ അലർജിയുള്ളവരോ ഇത് പരീക്ഷിക്കരുത് ഫലം വിപരീതമാകും. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് വിതറുന്നതും നല്ലതാണ്. പഞ്ചസാരയിൽ ഉറുമ്പ് കയറാതിരിക്കാൻ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടുവെക്കുന്നത് മറ്റൊരു പൊടിക്കൈ ആണ്.