ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോ. ചിത്രം അതീവ വയലന്‍സായിരിക്കും എന്നാണ് ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളിലൂടെയും ടീസറിലൂടേയും വ്യക്തമായത്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നതിനു പിന്നാലെ നീക്കം ചെയ്തിരിക്കുകയാണ് യൂട്യൂബ്. അതിതീവ്ര വയലന്‍സ് കാരണമാണ് ഗാനം നീക്കം ചെയ്തത്.
നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്. എക്സ്ട്രീം വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ യൂട്യൂബ് താത്കാലികമായി ഗാനം പിൻവലിച്ചതായാണ് പോസ്റ്റില്‍ പറയുന്നത്. ഇത് തങ്ങളുടെ ഉദേശമായിരുന്നില്ല എന്നും യൂട്യൂബ് ഗൈഡ്‌ലൈനുകള്‍ പാലിച്ച് ഈ ഗാനം റീ അപ്‌ലോഡ് ചെയ്യുമെന്നും അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ലിറിക്സ് വിഡിയോ ആയി വിഡിയോ പുറത്തുവിട്ടു.
രവി ബസ്രൂർ സംഗീതം പകർന്ന്, ഡബ്‌സീ പാടിയ ബ്ലഡ് എന്ന ഗാനമായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഡിസംബർ 20നാണ് മാർക്കോ റിലീസ് ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മിഖായേലിൽ നിവിൻ പോളിയുടെ വില്ലൻ റോളിലാണ് ഉണ്ണി എത്തിയത്.