Entertainment

തെക്ക് വടക്ക് ഒടിടിയിൽ; സ്ട്രീമിങ് രണ്ടു പ്ലാറ്റ്ഫോമുകളിൽ

വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘തെക്ക് വടക്ക്.’ മധ്യവയസ്ക്കരായ കഥാപാത്രങ്ങാളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. റിലീസായി മാസങ്ങൾക്കു ശേഷം തെക്ക് വടക്ക് ഒടിടിയിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം തിയേറ്ററിൽ മിശ്ര പ്രതികരണം നേടിയിരുന്നു. എസ്. ഹരീഷ് എഴുതിയ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് തെക്ക് വടക്ക് ഒരുക്കിയത്. ഹരീഷ് തന്നെയാണ് സിനിമയുടെയും രചന. അൻജന ഫിലിപ്പും വി.എ ശ്രീകുമാറും, അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ എന്നിവരുൾപ്പെടെ നൂറോളം പേർ ചെറുതും വലുതുമായ വേഷങ്ങളിൽ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സാം സി. എസ് സംഗീതവും, സുരേഷ് രാജൻ ഛായാഗ്രഹണവും, കിരൺ ദാസ് എഡിറ്റിങും നിർവഹിക്കുന്നു. മനോരമ മാക്സിലൂടെയാണ് തെക്ക് വടക്ക് ഒടിടിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സിംപ്ലീ സൗത്തിലൂടെ ചിത്രം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഒടിടിയിൽ കാണാം.