ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ലെവല്‍ ക്രോസ്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിര്‍മ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് അര്‍ഫാസ് അയൂബാണ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളും പ്രശംസയും നേടിയിരുന്നു. ഇപ്പോൾ ചിത്രം ഗോവയില്‍ നടക്കുന്ന അൻപത്തി അഞ്ചാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടൻ ആസിഫ് അലി. ആദ്യമായാണ് താന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതെന്നും നല്ലൊരു ചിത്രവുമായി എത്താന്‍ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും താരം പറയുന്നു. മലയാളികളല്ലാത്ത ഒരുപാട് പേര്‍ സിനിമയെ പറ്റി സംസാരിക്കുന്നത് കാണുന്നതിലും നല്ലത് പറയുന്നതിലും സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി ആസിഫ് അലിക്കൊപ്പം അമല പോളും ഗോവയിൽ എത്തിയിട്ടുണ്ട്. ആടുജീവിതം, ലെവല്‍ ക്രോസ് എന്നീ രണ്ട് ചിത്രങ്ങളാണ് അമല പോളിന്റേതായി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ലെവല്‍ ക്രോസിന്റെ ക്ലാസിക് ട്രീറ്റ്മെന്റും സ്‌റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തര്‍ദേശീയ രൂപവും ഭാവവും നല്‍കുന്നു എന്ന പ്രശംസ ചിത്രം ഇറങ്ങിയ സമയത്ത് തന്നെ ഉണ്ടായിരുന്നു. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമലപോള്‍, ഷറഫുദ്ധീന്‍ കോമ്പിനേഷന്‍ ആദ്യമായി വന്ന ചിത്രം കൂടിയാണിത്. 2024 ജൂലൈ 26നാണ് ലെവൽ ക്രോസ് തിയറ്ററുകളിൽ എത്തിയത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. അർഫാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രത്തില്‍ താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയാണ്. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആഡം അയൂബാണ്. വിശാൽ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ഗാനങ്ങൾക്ക് വരി എഴുതിയിരിക്കുന്നത്. അപ്പു പ്രഭാകർ ഛായഗ്രാഹകൻ, ദീപു ജോസഫ് എഡിറ്റർ.