Celebrities

‘മുന്‍പ് പെണ്ണ് കണ്ടിട്ട് വേണ്ടെന്ന് വെച്ച കുട്ടി’; ഭാവി വധുവിനെ പരിചയപ്പെടുത്തി ഷിയാസ് | bigg boss fame shiyas

ഞങ്ങളുടെ വിവാഹക്കാര്യം രഹസ്യമാക്കി വെച്ചത് എന്തുകൊണ്ടാണെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് മോഡലിങ് രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബള്‍ഗേറിയയില്‍ നടന്ന മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്. ബിഗ്‌ബോസിലും ഷിയാസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഈയ്യടുത്ത് ഷിയാസിനെതിരെ ജിം ട്രെയിനറായ യുവതി നല്‍കിയ പീഡന പരാതി വലിയ വാര്‍ത്തയായിരുന്നു. ഷിയാസിന്റെ വിവാഹ നിശ്ചയത്തിന്റെ സമയത്തായിരുന്നു പരാതിയും കേസുമെല്ലാം. പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.

ഇപ്പോഴിതാ ഷിയാസ് കരീം വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. നേരത്തെ ഷിയാസിന്റെ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും അത് മുടങ്ങി പോവുകയായിരുന്നു. അതിന്റെ കാരണത്തെ കുറിച്ച് താരം പറഞ്ഞില്ലെങ്കിലും താന്‍ എന്തായാലും വിവാഹം കഴിക്കുമെന്നാണ് ഷിയാസ് പറഞ്ഞിരുന്നത്.

നവംബര്‍ 25ന് താന്‍ വിവാഹിതനാവുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഷിയാസ് വെളിപ്പെടുത്തിയത്. പ്രതിശ്രുത വധുവിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടാണ് വിവാഹക്കാര്യം താരം സൂചിപ്പിച്ചത്. ഇത്രയും നാള്‍ വിവാഹക്കാര്യം ആരോടും പറയാതെ രഹസ്യമാക്കി വെച്ചതിന്റെ കാരണത്തെക്കുറിച്ച് അഭിമുഖത്തിലൂടെ പറയുകയാണ് ഷിയാസ് ഇപ്പോള്‍…

‘ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ സമയത്ത് തന്നെ എനിക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് പെണ്ണ് കാണാന്‍ പോയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആയിരുന്നു ദര്‍ഫ. പക്ഷേ അന്ന് ദര്‍ഫയ്ക്ക് പ്രായം കുറവാണെന്ന് എനിക്ക് തോന്നിയത് കൊണ്ടാണ് ആലോചന വിവാഹത്തിലേക്ക് എത്താത്തത്.

പക്ഷേ ഞങ്ങള്‍ നല്ല കൂട്ടുകാരായി തുടര്‍ന്നു. ആ കാലം മുതല്‍ അവളുടെ ഉമ്മ എനിക്ക് എന്റെ സ്വന്തം ഉമ്മയെ പോലെയായിരുന്നു. ഏതൊരു വിഷമത്തിലും ഞാന്‍ ദര്‍ഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവരെനിക്ക് വലിയ ആശ്വാസമായി.

ഇടയ്ക്ക് ഞാന്‍ ഒത്തിരി പ്രശ്‌നങ്ങളിലൂടെ പോയ സമയത്ത് ദര്‍ഫയുമായി സംസാരിക്കുമായിരുന്നു. അവള്‍ തന്ന കരുതല്‍ എനിക്ക് ശക്തിയായി. പരസ്പരം സങ്കടങ്ങള്‍ പറഞ്ഞിരിക്കുന്ന സമയത്താണ് എന്നാല്‍ നമുക്ക് ഒരുമിച്ച് ജീവിച്ചാലോ എന്ന ചോദ്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്നത്. വീട്ടുകാരോട് ഇത് പറഞ്ഞപ്പോള്‍ ഇരുകൂട്ടര്‍ക്കും സന്തോഷമായി. അങ്ങനെ റംസാന്‍ കാലം മുതലാണ് ദര്‍ഫയുമായിട്ടുള്ള ബന്ധം കൂടുതല്‍ അടുപ്പത്തിലായത്.

ഞങ്ങളുടെ വിവാഹക്കാര്യം രഹസ്യമാക്കി വെച്ചത് എന്തുകൊണ്ടാണെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ആരെയും പേടിയില്ല. സാധാരണ ആളുകള്‍ ഒക്കെ കല്യാണത്തിന്റെ ഒരാഴ്ച മുന്‍പല്ലേ സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളുമൊക്കെ പുറത്തുവിടുക.

ഞാനും അത്രയേ ചെയ്തുള്ളൂ. പിന്നെ എനിക്കും ദര്‍ഫയ്ക്കും മുന്‍പ് നിശ്ചയിച്ച കല്യാണം മുടങ്ങിയ ചരിത്രമുണ്ട്. അപ്പോള്‍ വീട്ടുകാരും ഞങ്ങളും ഒരുമിച്ച് എടുത്ത് തീരുമാനമാണ് വിവാഹത്തിനോട് അടുപ്പിച്ച് വിവരം എല്ലാവരെയും അറിയിക്കാം എന്നതെന്നും,’ ഷിയാസ് പറയുന്നു.

നവംബര്‍ 25ന് പെരുമ്പാവൂരിലുള്ള ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. ഒരുപാട് പേരെ ക്ഷണിച്ചിട്ടുള്ള വലിയ കല്യാണമായിരിക്കും. വിവാഹശേഷം ഗള്‍ഫിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. ബിസിനസിനെ ഭാഗമായി ഞാന്‍ എപ്പോഴും ഗള്‍ഫിലാണ്. അവിടെ ജിം തുടങ്ങിയത് നല്ല രീതിയില്‍ പോകുന്നു. ഇനി കൂടുതല്‍ ബിസിനസ് പ്ലാനുകള്‍ ഉണ്ട്.

ദര്‍ഫ അബുദാബിയിലാണ് ജോലി ചെയ്യുന്നത്. എമിറേറ്റ്‌സ് എന്‍ ബി ഡി യിലാണ് അവള്‍ക്ക് ജോലി. കുടുംബസമേതം അവര്‍ അവിടെയാണ് താമസം. അതുകൊണ്ട് ഞാനും ഇനി കൂടുതല്‍ സമയം അവിടെ ആയിരിക്കും… ഷിയാസ് പറയുന്നു.

content highlight: bigg-boss-fame-shiyas-kareem-spoke-about-his-marriage