Celebrities

എ ആർ റഹ്മാനുമായുള്ള ബന്ധം വെളിപ്പെടുത്തി ?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി

തൻ്റെ വിവാഹമോചന പ്രഖ്യാപനത്തെയും എആർ റഹ്മാൻ- സൈറ ബാനു ദമ്പതികളുടെ വേർപിരിയലിനെയും തമ്മിൽ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മോഹിനി ഡേ

സൈറ ബാനുവിൽ നിന്നും താൻ വിവാഹമോചിതനാവുന്നു എന്നു എആർ റഹ്മാൻ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ, റഹ്മാന്റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും തന്റെ വിവാഹമോചനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന രീതിയിലുള്ള കിംവദന്തികളും അതോടെ ശക്തമായി. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്ന് റഹ്മാൻ്റെ അഭിഭാഷക വന്ദന ഷായും മകൻ എആർ അമീനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മോഹിനിയും വിശദീകരണം നൽകുകയാണ്.

“എന്നെ ഇന്റർവ്യൂ ചെയ്യട്ടെ എന്ന് ധാരാളം അഭ്യർത്ഥനകൾ വരുന്നു, എനിക്ക് കൃത്യമായി അറിയാം ഇതെന്തുകൊണ്ടാണെന്ന്, ഈ ശുദ്ധ അസംബന്ധത്തിൽ ഇന്ധനം നിറയ്കകാൻ എനിക്കു താൽപ്പര്യമില്ലാത്തതിനാൽ ഞാൻ ഓരോന്നും മാന്യമായി നിരസിക്കണം. എൻ്റെ ഊർജം കിംവദന്തികൾക്കായി ചെലവഴിക്കുന്നത് മൂല്യവത്തല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ദയവായി എൻ്റെ സ്വകാര്യതയെ ബഹുമാനിക്കുക,” എന്നാണ് മോഹിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നേരത്തെ, എആർ റഹ്മാൻ്റെ മകൻ അമീനും മാതാപിതാക്കളുടെ വിവാഹമോചനത്തെ ബാസിസ്റ്റ് മോഹിനിയുടെ വേർപിരിയലുമായി ബന്ധിപ്പിക്കുന്ന “അടിസ്ഥാനമില്ലാത്ത” കിംവദന്തികൾക്കെതിരെ പ്രതികരിച്ചിരുന്നു. എ ആർ റഹ്മാനും സൈറ ബാനുവും 29 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. 1995ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഖത്തീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്നു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.