തിരുവനന്തപുരം: പ്രശസ്ത ഗായിക പ്രാര്‍ഥന ഇന്ദ്രജിത്തിന്റെ മ്യൂസിക് ആല്‍ബമായ ‘ഐ റോട്ട് ദിസ് ഓണ്‍ എ റെയ്‌നി നൈറ്റ്’ ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലില്‍ (ഐഐഎംഎഫ്-2024) പുറത്തിറക്കി. കോവളം കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ മേളയുടെ രണ്ടാം ദിവസമാണ് ആല്‍ബത്തിന്റെ സോഫ്റ്റ് ലോഞ്ച് നടന്നത്. ചടങ്ങില്‍ ആല്‍ബത്തിലെ പാട്ടുകള്‍ പ്രാര്‍ഥന ലൈവായി അവതരിപ്പിച്ചു.
സിനിമാ താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകളാണ് പ്രാര്‍ഥന. ഒമ്പത് ട്രാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ആല്‍ബം പ്രാര്‍ഥനയുടെ സംഗീത യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. വേറിട്ട ശബ്ദവും അതുല്യമായ ആലാപന ശൈലിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രാര്‍ഥന രണ്ട് വര്‍ഷത്തിലേറെയായി ഈ ആല്‍ബത്തിന്റെ പണിപ്പുരയിലായിരുന്നു. ആത്മാവിഷ്‌കാരത്തിന്റെയും സംഗീത പരീക്ഷണത്തിന്റെയും യാത്രയെ പ്രതിനിധീകരിക്കുന്നതാണ് ആല്‍ബത്തിലെ പാട്ടുകളെന്ന് പ്രാര്‍ഥന പറഞ്ഞു. സ്വതന്ത്ര സംഗീതവും സര്‍ഗ്ഗാത്മകതയും ആഘോഷിക്കുന്ന ഉത്സവമായ ഐഐഎംഎഫില്‍ ആല്‍ബം പ്രകാശനം ചെയ്യാനായതിലെ സന്തോഷവും പ്രാര്‍ഥന പങ്കുവച്ചു.
സംഗീതത്തിന്റെയും സംസ്‌കാരത്തിന്റെയും സവിശേഷമായ ഒത്തുചേരലിന് അവസരമൊരുക്കുന്ന അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് ഫെസ്റ്റിവെലിന്റെ മൂന്നാം പതിപ്പിന് ഞായറാഴ്ച സമാപനമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: instagram @iimf_2024, https://iimf.kacvkovalam.com എന്നിവ സന്ദര്‍ശിക്കാം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് http://bit.ly/4eZRuLE എന്ന ലിങ്ക് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.