ലാൽ ജോസിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ഒരു മറവത്തൂര്‍ കനവ്. നടന്‍ ശ്രീനിവാസനായിരുന്നു സിനിമയ്ക്ക് കഥയൊരുക്കിയത്. മമ്മൂട്ടിയും ദിവ്യ ഉണ്ണിയും നായിക നായകന്മാരായ ചിത്രത്തില്‍ ബിജു മേനോനും മോഹിനിയും അടക്കം നിരവധി താരങ്ങള്‍ ഉണ്ടായിരുന്നു. സിനിമയിലേക്ക് നായികയായി ദിവ്യ ഉണ്ണിയെ തിരഞ്ഞെടുത്തതിൽ മമ്മൂട്ടിക്ക് ചെറിയ പിണക്കം ഉണ്ടായിരുന്നു എന്നാണ് ലാൽ ജോസ് പറയുന്നത്. ദിവ്യ അദ്ദേഹത്തിന്റെ മകൾക്കൊപ്പം കോളേജിൽ പഠിച്ച കുട്ടിയാണ് എന്നതായിരുന്നു പിണക്കത്തിന്റെ കാരണം. ഇത്രയും ചെറിയ പെൺകുട്ടി തന്റെ നായികയായി വന്നാൽ പ്രേക്ഷകർ അത് അംഗീകരിക്കുമോ എന്നതായിരുന്നു മമ്മൂട്ടിയുടെ ആശങ്ക. പകരം തമിഴിലെ പല നടിമാരെയും അദ്ദേഹം നിർദേശിച്ചു. ആ കൂട്ടത്തിൽ നടി റോജയും ഉണ്ടായിരുന്നു.
പക്ഷെ അപ്പോഴേക്കും ദിവ്യ ഉണ്ണിക്ക് സിനിമയ്ക്കുള്ള അഡ്വാൻസ് കൊടുത്തിരുന്നു അതിനാൽ നായികയെ മാറ്റാൻ പറ്റാത്ത സാഹചര്യമായിരുന്നു എന്നും ലാൽ ജോസ് പറയുന്നു. മാത്രമല്ല സിനിമയിൽ അവർ ഇരുവരും തമ്മിൽ അങ്ങനെ പ്രണയരംഗങ്ങൾ ഒന്നുമില്ല. പറയാതെ മനസിൽ സൂക്ഷിച്ചുവെച്ച ഒരു ഇഷ്ടം മാത്രമാണ് സിനിമയിൽ ആനി എന്ന ദിവ്യ ഉണ്ണിയുടെ കഥാപാത്രത്തിന് ചാണ്ടി എന്ന മമ്മൂട്ടി കഥാപാത്രത്തോട് ഉളളത്. അത് വ്യക്തമായി അറിയുന്നതുകൊണ്ട് പ്രായവ്യത്യാസം വിഷയമാകില്ലെന്ന് തനിക്ക് ഉറപ്പാണ്ടായിരുന്നു എന്നും ലാൽ ജോസ് കൂട്ടിച്ചേർക്കുന്നു. പക്ഷെ ദിവ്യ ഉണ്ണി മനോഹരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നും സിനിമയിലെ നായികാനായകന്മാരുടെ പ്രായവ്യത്യാസത്തെക്കുറിച്ച് സിനിമ ഇറങ്ങിയ ശേഷവും അഭിപ്രായവ്യത്യാസങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ലാൽ ജോസ് വ്യക്തമാക്കി.
1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മറവത്തൂർ കനവ്. മലയാളത്തില്‍ ഒട്ടനവധി പ്രശസ്ത സംവിധായകരുടെ ആദ്യ ചിത്രങ്ങളില്‍ നായകന്‍ മമ്മൂട്ടി ആയിരുന്നു. ലാല്‍ജോസും അമല്‍ നീരദും അന്‍വര്‍ റഷീദും ആഷിക് അബുവുമൊക്കെ ആ നിരയിലുണ്ട്.