Celebrities

അയ്യപ്പനെ കണ്ട് ​ഗിന്നസ് പക്രു ; സന്നിധാനം പ്ലാസ്റ്റിക് വിമുക്തമാക്കണമെന്ന് ഓർമിപ്പിച്ച് താരം

ശബരിമല സന്നിധാനം ദർശിച്ച് നടൻ ​ഗിന്നസ് പക്രു. എട്ടാം തവണയും സന്നിധാനത്ത് എത്തിയ നടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ശബരിമലയിലെ സൗകര്യങ്ങളെ കുറിച്ചും സംസാരിച്ചു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിക്കാൻ മറന്നില്ല. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘പവിത്രം ശബരിമല’യുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് സ്ഥലത്ത്‌ വരുത്തിയത്. അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും’ താരം ഓർമിപ്പിച്ചു.

ദർശന ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്. ഇന്ന് രാവിലെയാണ് അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് ​ഗിന്നസ് പക്രു എത്തിയത്. ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവര്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ആ ഊര്‍ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അയ്യപ്പനെ തൊഴുമ്പോള്‍ അയ്യപ്പന്‍ മാത്രമാണ് മനസില്‍. ആ സമയം മറ്റൊന്നും മനസില്‍ വരില്ല. ശരണം വിളിക്കള്‍ക്കിടയില്‍ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവര്‍ക്ക് മാത്രമേ മനസിലാകൂ എന്നും ഭക്തിയോടെ ​ഗിന്നസ് പക്രു കൂട്ടിച്ചേർത്തു. മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് ഓരോ പോയന്‍റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. കുറച്ചു ദൂരം കൂടെയുണ്ടായിരുന്നവര്‍ എടുത്തു. മല നടന്നുകയറുകയായിരുന്നു തുടങ്ങി മല കയറിയപ്പോൾ ഉണ്ടായ പ്രയാസങ്ങളും ​ഗിന്നസ് പക്രു തുറന്ന് പറഞ്ഞു.