നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മുന്നിലെത്തി എല്ലാ പ്രേക്ഷകരെയും ഒരു പോലെ രസിപ്പിച്ച നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. ചെറിയ കാലയളവിനുള്ളിൽ മലയാള സിനിമയിൽ തന്റേതായ ഇടം താരം കണ്ടെത്തിയിരുന്നു. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ നായകപ്രാധാന്യം ഉള്ള വേഷം അവതരിപ്പിച്ചാണ് കൂടുതൽ പ്രേക്ഷകരുടെ മനസിൽ താരം സ്ഥാനം ഉറപ്പിച്ചത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാനവേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യം തന്നെ ഉണ്ട പക്രു എന്നാണ് പലരും വിളിച്ചിരുന്നത് അത് പിന്നീട് മാറ്റിയെന്നും അതിന്റെ കാരണവും തുറന്ന് പറയുകയാണ് താരം.
ആദ്യം സിനിമ മേഖലയിലും സുഹൃത്തുക്കളും അങ്ങനെ പലരും ഉണ്ട പക്രു എന്നാണ് വിളിച്ചിരുന്നത്. എന്നാൽ അതിൽ ഒരു കളിയാക്കൽ ഇല്ലേ എന്നും പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. വിവാഹം കഴിഞ്ഞു വന്നപ്പോൾ തന്റെ ഭാര്യയും ആദ്യം ചോദിച്ചത് ഈ പേര് കൊള്ളില്ല ഇതു മാറ്റിക്കൂടെ എന്നാണ്. ഞാനപ്പോൾ മറുപടി പറഞ്ഞത് എന്റെ പേര് ഉണ്ട പക്രു എന്നല്ലല്ലോ അജയകുമാർ എന്നല്ലേ എന്നാണ്. എന്റെ അമ്മയ്ക്കും ഉണ്ടപക്രു എന്ന പേര് ഇഷ്ടമല്ലായിരുന്നു. പിന്നീട് ഒരു വേളയിൽ തന്റെ പേരിനെക്കുറിച്ച് ചർച്ച വന്നപ്പോൾ ഇന്നസെന്റ് ചേട്ടൻ പറഞ്ഞു ഈ പേര് വേണ്ട മാറ്റണമെന്ന്. ഈ സംഭവം മനസ്സിൽ കുറേ കാലമായി അങ്ങനെ കിടക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് തനിക്ക് ഗിന്നസ് റെക്കോർഡ് കിട്ടുന്നത്. ഗിന്നസ് റെക്കോർഡിന്റെ സർട്ടിഫിക്കറ്റ് ആദ്യമായി കയ്യിൽ കിട്ടിയത് ‘ഈ പട്ടണത്തിൽ ഭൂതം’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു. അവിടെവെച്ച് മമ്മൂട്ടിയാണ് അത് ഓപ്പൺ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുശേഷം മമ്മൂക്ക എപ്പോഴും എന്നെ ഗിന്നസ് ഗിന്നസ് എന്ന് വിളിക്കാൻ തുടങ്ങി. അപ്പോഴാണ് എന്തുകൊണ്ട് പക്രു എന്ന പേരിന് മുമ്പിൽ ഗിന്നസ് എന്ന് ചേർത്തു കൂടാ എന്ന ചിന്ത എനിക്ക് വന്നത് അങ്ങനെയാണ് താൻ ഗിന്നസ് പക്രു ആയതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.