മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച ശ്രീവിദ്യയുടെ ജീവിതം കരിയറിനേക്കാളും ചര്‍ച്ചയായതുമാണ്. ഇപ്പോഴിതാ ശ്രീവിദ്യയ്ക്ക് ജീവിതത്തിൽ നീതി ലഭിച്ചിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ് രംഗത്ത്. ശ്രീവിദ്യയുടെ കുടുംബജീവിതം ദുരിതപൂർണമായിരുന്നുവെന്നും വിവാഹമോചനത്തിന് സുപ്രീംകോടതി വരെ പോകേണ്ടി വന്നിരുന്നുവെന്നും അഷ്‌റഫ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഷ്‌റഫ് ശ്രീവിദ്യയെക്കുറിച്ചുളള വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
‘ശ്രീവിദ്യയുടെ ആദ്യപ്രണയം കമലഹാസനുമായിട്ടായിരുന്നു. അത് തമിഴ്നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു. ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ശ്രീവിദ്യയുടെ അമ്മ കുറച്ച് വർഷം കഴിഞ്ഞിട്ട് മതി വിവാഹം എന്ന നിലപാട് സ്വീകരിച്ചു. ഇത് കമലഹാസന് അംഗീകരിക്കാൻ സാധിച്ചില്ല. പിന്നീടാണ് അദ്ദേഹം വാണി ഗണപതിയെ വിവാഹം ചെയ്തത്. അതോടെ ശ്രീവിദ്യ നിരാശയിലായി. ഈ സമയത്താണ് നിർമാതാവും സ്റ്റാർ ഓഫ് കൊച്ചിൻ എന്ന സിനിമാ കമ്പനിയുടെ ഉടമയുമായ ജോർജിന്റെ വിവാഹാഭ്യർത്ഥന അവരെ തേടിയെത്തുന്നത്. ആ വിവാഹവും ശ്രീവിദ്യയുടെ അമ്മയുൾപ്പടെ മിക്കവരും എതിർത്തു. ഒടുവിൽ ശ്രീവിദ്യയും ജോർജും മുംബയിൽ വച്ച് വിവാഹിതരായി. വിവാഹജീവിതത്തിനിടയിലാണ് ജോർജ് സ്റ്റാർ ഓഫ് കൊച്ചിനിലെ ഒരു ജീവനക്കാരന്റെ മകനായിരുന്നുവെന്ന് അവർ മനസിലാക്കിയത്. സാമ്പത്തികമായി ഒരുപാട് കഷ്ടപ്പാടുകൾ ശ്രീവിദ്യ അനുഭവിച്ചു. പന്നീടാണ് വീണ്ടും അഭിനയിക്കാമെന്ന തീരുമാനത്തിൽ ശ്രീവിദ്യ എത്തിച്ചേർന്നത്.
അങ്ങനെ അവർ വീണ്ടും അഭിനയരംഗത്ത് സജീവമായി. അങ്ങനെ സമ്പാദിച്ച പണം മുഴുവൻ ജോർജ് ധൂർത്തടിച്ചുവെന്നാണ് കേട്ടിട്ടുളളത്. ശ്രീവിദ്യയുടെ ഒപ്പിട്ടാണ് ഭർത്താവ് പണം സ്വന്തമാക്കിയിരുന്നത്. അങ്ങനെ അവർ കാശുണ്ടാക്കുന്ന ഒരു മെഷീനായി മാറി. ജോർജിന് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്നും ശ്രീവിദ്യ വൈകാതെ മനസിലാക്കി. ഇത് ചോദ്യം ചെയ്തതോടെ ശ്രീവിദ്യയെ ജോർജ് ക്രൂരമായി മർദ്ദിച്ചു. ജോർജിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ശ്രീവിദ്യ അമ്മയുടെ അടുത്തെത്തി. അങ്ങനെ വിവാഹബന്ധം വേർപെടുത്താൻ അവർ തീരുമാനിച്ചു. ക്രിസ്ത്യൻ ആക്ട് പ്രകാരമാണ് ശ്രീവിദ്യയും ജോർജും വിവാഹിതരായത്. അതിനാൽത്തന്നെ വിവാഹ മോചനത്തിന് ഒരുപാട് നിയമ തടസങ്ങൾ ഉണ്ടായി. ഒടുവിൽ നീതിക്കായി ശ്രീവിദ്യയ്ക്ക് സുപ്രീകോടതി വരെ പോകേണ്ടി വന്നു. ആ സമയത്ത് ശ്രീവിദ്യയുടെ ദൗർബല്യത്തെ പലരും മുതലെടുത്തിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായി അഭിനയിച്ച അവർക്ക് ഒരുപാട് സമ്പാദ്യങ്ങളുമുണ്ടായി. അവസാനകാലത്ത് അമേരിക്കയിൽ ജീവിക്കണമെന്നായിരുന്നു ശ്രീവിദ്യയുടെ ആഗ്രഹം. അതിനിടയിലാണ് ശ്രീവിദ്യയ്ക്ക് ക്യാൻസർ പിടിപെടുന്നത്.
അവസാനകാലത്ത് ശ്രീവിദ്യ തന്റെ സമ്പാദ്യം വിശ്വസ്തനും നടനുമായ ഗണേശ് കുമാറിനെ ഏൽപ്പിക്കുകയാണ് ചെയ്തത്. അതിനായി ശ്രീവിദ്യ ഒരു വിൽപ്പത്രം ഉണ്ടാക്കി. തന്റെ സ്വത്ത് എങ്ങനെ വിനിയോഗിക്കണമെന്നതായിരുന്നു അതിലുണ്ടായിരുന്നത്. അവരുടെ രോഗം മൂർച്ഛിച്ച സമയത്ത് ശ്രീവിദ്യ കമലഹാസനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. വിവരമറിഞ്ഞ കമലഹാസൻ ശ്രീവിദ്യയെ കാണാൻ ആശുപത്രിയിലെത്തി. ശ്രീവിദ്യയെ കണ്ടപാടെ കമലഹാസൻ ഞെട്ടിപ്പോയി. ആ രൂപം കണ്ട് കമലഹാസൻ കരഞ്ഞുപോയി. ഒടുവിൽ അവർ മരിച്ചു. എന്നിട്ടും ശ്രീവിദ്യയെക്കുറിച്ചുളള വിവാദങ്ങൾ അവസാനിച്ചില്ല. അതിനുശേഷമാണ് ശ്രീവിദ്യയുടെ വിൽപ്പത്രത്തെക്കുറിച്ച് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നത്. ഇതോടെ ഗണേശ് കുമാർ ശ്രീവിദ്യയുടെ സമ്പാദ്യം സർക്കാരിനെ എൽപ്പിക്കുകയായിരുന്നു. അവർ ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ആരും നീതി കാണിച്ചില്ല’- അഷ്‌റഫ് പങ്കുവച്ചു.