താരസുന്ദരികൾ തങ്ങളുടെ ചർമത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. അതിനായി പാരമ്പര്യമായി നമ്മുടെ മുത്തശ്ശിമാരൊക്കെ ചെയ്തത് പോലുള്ള സൗന്ദര്യ ടിപ്സും ഇവർ ചെയ്യാറുണ്ട്. അത്തരത്തിൽ ലോകസുന്ദരിയായ പ്രിയങ്ക ചോപ്രയ്ക്കും അവരുടേതായ ചില സൗന്ദര്യ കൂട്ടുകളും നുറുങ്ങുവഴികളും ഉണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
പ്രിയങ്കയുടെ ഏറ്റവും ബേസിക് ആയിട്ടുള്ള ദിനചര്യയിൽ ഒന്നാണ് ഐസിങ് ദ് ഫേസ്. ഒരു തൂവാലയിൽ ഐസ് ക്യൂബ്സ് ഇട്ടതിന് ശേഷം മുഖത്ത് മൃദുവായി തടവാം. ഇത് ദിവസവും രാവിലെ ചെയ്താൽ മുഖത്തെ വീക്കവും പഫിനെസും എല്ലാം മാറിക്കിട്ടും. കൂടാതെ മുഖക്കുരു ഉണ്ടെങ്കിൽ അത് പോകാനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. കുളിച്ചതിന് ശേഷം പ്രിയങ്ക ദിവസവും ചെയ്യുന്ന ഒരു കാര്യം എന്നത് മുഖത്തിന് ആവി പിടിക്കുക എന്നതാണ്. ഇത് സുഷിരങ്ങൾ അടയ്ക്കുകയും മുഖത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. ഇത് മുഖക്കുരു തടയാനും സഹായിക്കും. കൂടാതെ മുഖത്തിന് ഒരു സ്വാഭാവിക തിളക്കം നൽകാൻ ഇതുവഴി സാധിക്കും. പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്തതിനാൽ ഇത് ദിവസവും നമുക്ക് ചെയ്യാവുന്നതാണ്. ചുണ്ടിന് സ്വാഭാവിക തിളക്കം നൽകാനും പ്രിയങ്കയുടെ കയ്യിൽ നുറുങ്ങുവഴികൾ ഉണ്ട്. ഒരു പാത്രത്തിൽ ഒരു നുള്ള് ഉപ്പ്, കുറച്ച് ശുദ്ധമായ ഗ്ലിസറിൻ, കുറച്ച് തുള്ളി റോസ് വാട്ടർ എന്നിവ ചേർക്കുക. എല്ലാ ചേരുവകളും കലർത്തി നിങ്ങളുടെ ചുണ്ടുകളിൽ ഈ ലിപ് സ്‌ക്രബ് പതുക്കെ തടവുക. ശേഷം ഇത് കഴുകി കളയാം. നിങ്ങളുടെ ചുണ്ടുകൾൾക്ക് പിങ്ക് നിറവും മിനുസമാർന്നതുമായി മാറും.
സൺ ടാൻ മാറാൻ ബ്യൂട്ടിപാർലറിൽ പോയി സമയം കളയുന്നതിനു പകരം പ്രിയങ്ക ചെയ്യുന്ന ഒരു പൊടിക്കൈ ഉണ്ട്. അതും നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു ഫേസ്മാസ്‌ക്. കടലമാവ്, തൈര്, മഞ്ഞൾപ്പൊടി, നാരങ്ങ, പാൽ എന്നിവയാണ് ഇതിനു ആവശ്യമായ ചേരുവകൾ. ഇവയെല്ലാം നന്നായി ഇളക്കിയോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കി കരുവാളിപ്പുള്ള ശരീരഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക. നല്ല രീതിയിലുള്ള വ്യത്യാസം പ്രകടമാവും. നല്ല രീതിയിൽ ടാൻ ഉള്ളവർ ആഴ്ചയിൽ രണ്ടു തവണ എന്ന രീതിയിൽ ഈ പാക്ക് ശരീരത്തിൽ തേച്ചു പിടിപ്പിക്കുക.